തൃശൂർ: വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായ രാജൻ ജെ. പല്ലൻ മുൻ മുഖ്യമന്ത്രിയായ കെ കരുണാകരൻ്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ഇന്ന് രാവിലെയാണ് മുരളി മന്ദിരത്തിലെത്തി രാജൻ ജെ പല്ലൻ പുഷ്പാർച്ചന ചെയ്തത്. ഇന്നലെയാണ് രാജൻ ജെ പല്ലൻ ഉൾപ്പെട്ട ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പ്രസിദ്ധീകരിച്ചത്. തൃശൂർ മണ്ഡലത്തിൽ ഇന്ന് മുതൽ തന്നെ ആവേശകരമായ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് കോൺഗ്രസ്. കോൺഗ്രസ് പ്രസ്ഥാനത്തിന് കരുത്ത് പകർന്ന നേതാക്കളുടെ സ്മരണ പുതുക്കുന്നതിലൂടെ തനിക്ക് വലിയ ഊർജ്ജമാണ് ലഭിക്കുന്നതെന്ന് പുഷ്പാർച്ചനക്ക് ശേഷം അദ്ദേഹം പറഞ്ഞു.
തുടർന്ന്, മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന സി. എൻ. ബാലകൃഷ്ണൻ്റെ വസതിയും രാജൻ ജെ പല്ലൻ സന്ദർശിച്ചു. സി.എൻ. ബാലകൃഷ്ണൻ്റെ കുടുംബാംഗങ്ങളുമായി സംസാരിക്കുകയും മുതിർന്ന നേതാക്കളുടെ വികസന കാഴ്ചപ്പാടുകൾ തൃശൂരിൻ്റെ നന്മയ്ക്കായി മുന്നോട്ട് കൊണ്ടുപോകുമെന്നു അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേരള നിയമസഭ സ്പീക്കറുമായിരുന്ന തേറമ്പിൽ രാമകൃഷ്ണനുമായി രാജൻ ജെ പല്ലൻ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്ന് വൈകീട്ട് 4 മണിക്ക് യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തിൽ രാജൻ ജെ പല്ലൻ്റെ റോഡ് ഷോ നടക്കും. തൃശൂർ ഡിസിസി ഓഫീസിൽ നിന്നും ആരംഭിച്ച് കോർപ്പറേഷൻ ഓഫീസിന് സമീപം റോഡ് ഷോ സമാപിക്കും.
തൃശൂർ കോർപ്പറേഷൻ മുൻ മേയറായിരുന്നു രാജൻ ജെ പല്ലൻ. വരും ദിവസങ്ങളിൽ മണ്ഡലത്തിലെ വിവിധ വാർഡുകളിലെ കുടുംബയോഗങ്ങളിൽ രാജൻ പങ്കെടുക്കുമെന്നും പദയാത്രകൾ സംഘടിപ്പിക്കാനാണ് തീരുമാനമെന്നും കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.





