ന്യൂഡൽഹി: വരണ്ടഭൂമി കൃഷിയിലെ വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി ദക്ഷിണ-ദക്ഷിണ സഹകരണവും ത്രികക്ഷി സഹകരണവും ശക്തിപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്ത് മൂന്ന് ദിവസത്തെ ഡ്രൈലാൻഡ് കോൺഗ്രസ് 2026 ന്യൂഡൽഹിയിൽ സമാപിച്ചു. ആഗോള ദക്ഷിണമേഖലയിൽ സഹകരണം, വിജ്ഞാന കൈമാറ്റം, നവീകരണം, കൂട്ടായ പ്രവർത്തനം എന്നിവയിലൂടെ വരണ്ടഭൂമി കൃഷിയെ പരിവർത്തനം ചെയ്യുന്നതിനുള്ള പൊതുവായ കർമപദ്ധതിക്ക് രൂപം നൽകുന്ന ഡൽഹി പ്രഖ്യാപനം (3D) സമ്മേളനത്തിൽ അംഗീകരിച്ചു.
സമാപന സമ്മേളനത്തിൽ സംസാരിച്ച ഡെയർ സെക്രട്ടറി, ഐസിഎആർ ഡയറക്ടർ ജനറൽ ഡോ. എം. എൽ. ജാട്ട്, വരണ്ടഭൂമി കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഭാവി സാധ്യതകളുടെ വിലയിരുത്തലിന് (ഫോർസൈറ്റ്) പ്രധാന സ്ഥാനം നൽകണമെന്ന് ആവശ്യപ്പെട്ടു. ശക്തമായ സ്ഥാപന സംവിധാനവും മികച്ച വിവര-വിവരശേഖരണ സംവിധാനങ്ങളും ഗവേഷണത്തെ പ്രായോഗിക പ്രവർത്തനങ്ങളുമായും നയരൂപീകരണവുമായും ബന്ധിപ്പിക്കുന്ന നവീകരണ വേദികളും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. വരണ്ടഭൂമികൾ ആഗോള ഭക്ഷ്യസുരക്ഷയ്ക്ക് തന്ത്രപ്രധാനമാണെന്ന് ഐക്രിസാറ്റ് ഡയറക്ടർ ജനറൽ ഡോ. ഹിമാൻഷു പഥക് ചൂണ്ടിക്കാട്ടി. സമ്മേളനത്തിലെ ആശയങ്ങൾ ഹ്രസ്വകാല, ദീർഘകാല പ്രവർത്തനങ്ങളാക്കി മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമ്മേളനത്തോടനുബന്ധിച്ച് ഗ്ലോബൽ ക്രോപ് ഡൈവേഴ്‌സിറ്റി ട്രസ്റ്റും ഐക്രിസാറ്റും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ തമ്മിൽ പുതിയ പങ്കാളിത്തങ്ങളും ധാരണാപത്രങ്ങളും പ്രഖ്യാപിച്ചു. അവിയർ ലൈഫ് സയൻസസ്, നിഫ്ടെം, വിപ്രോ ലിമിറ്റഡ്, ഒഡിഷയിലെ അംഗുൽ, റായഗഡ ജില്ലാഭരണകൂടങ്ങൾ എന്നിവയുമായും ഐക്രിസാറ്റ് ധാരണാപത്രങ്ങൾ കൈമാറി. ആഗോള ദക്ഷിണമേഖലയിലെ കാർഷിക നവീകരണങ്ങൾക്ക് അംഗീകാരം നൽകുന്ന ഐഎസ്എസ്‌സിഎ ഗ്ലോബൽ അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. ലെബനനിലെ ഐകാർഡ, മെക്സിക്കോയിലെ സിമ്മിറ്റ്, ഒഡിഷ ലൈവ്ലിഹുഡ്സ് മിഷൻ എന്നിവയ്ക്ക് പരിവർത്തന മികവിനുള്ള മെഗാ പുരസ്കാരം ലഭിച്ചു.
“ദക്ഷിണ-ദക്ഷിണ സഹകരണത്തിലൂടെ വരണ്ടഭൂമി കൃഷിയുടെ പരിവർത്തനം” എന്ന പ്രമേയത്തിൽ നടന്ന കോൺഗ്രസ്, ശാസ്ത്രീയ അറിവുകൾ പ്രായോഗിക പ്രവർത്തനങ്ങളാക്കി മാറ്റുന്നതിനും തെളിയിക്കപ്പെട്ട കാർഷിക നവീകരണങ്ങൾ വ്യാപിപ്പിക്കുന്നതിനും പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രതിജ്ഞയോടെയാണ് സമാപിച്ചത്.





