ന്യൂഡൽഹി: തിരുപ്പതി ലഡ്ഡു പ്രസാദം തയ്യാറാക്കാൻ ഉപയോഗിച്ച നെയ്യിൽ മായം കലർത്തിയെന്ന കേസിൽ നെയ്യ് നിർമ്മാണ കമ്പനിയുടെ പ്രമോട്ടറെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു.
ലഡ്ഡു തയ്യാറാക്കാൻ ഉപയോഗിച്ച നെയ്യ് റിഫൈൻഡ് പാമോയിൽ, പാമോലിൻ ഉൾപ്പെടെയുള്ള വസ്തുക്കളും വിവിധ രാസവസ്തുക്കളും ഉപയോഗിച്ചാണ് നിർമിച്ചതെന്നാണ് ഇഡിയുടെ ആരോപണം.
സുകൃതി ഫുഡ്സ് പ്രമോട്ടർ കൈലാഷ് ചന്ദ് മംഗ്ലയെ സെപ്റ്റംബർ 17ന് ഹൈദരാബാദ് ഇഡി ഓഫീസ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരം അറസ്റ്റ് ചെയ്തുവെന്ന് അന്വേഷണ ഏജൻസി പ്രസ്താവനയിൽ അറിയിച്ചു.
തുടർന്ന് വിശാഖപട്ടണത്തെ പ്രത്യേക പിഎംഎൽഎ കോടതിയിൽ ഹാജരാക്കിയ മംഗ്ലയെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് (ടിടിഡി) വിതരണം ചെയ്ത നെയ്യിൽ മായം കലർത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ അന്വേഷണം. തിരുമല ശ്രീ വെങ്കടേശ്വര ക്ഷേത്രത്തിന്റെ ഭരണച്ചുമതല വഹിക്കുന്ന സ്ഥാപനമാണ് ടിടിഡി.





