
ന്യൂഡൽഹി: ഐച്ചി-നഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായികതാരങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു.
ഇന്ത്യൻ സംഘത്തിലെ ഓരോ താരവും കഠിനാധ്വാനവും അർപ്പണബോധവും നിശ്ചയദാർഢ്യവും പ്രകടിപ്പിച്ചിട്ടുണ്ടെന്നും അവരുടെ പരിശ്രമത്തിൽ രാജ്യം അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഏഷ്യൻ ഗെയിംസിന് തുടക്കമാകുന്ന വേളയിൽ സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച സന്ദേശത്തിലാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്. മികച്ച പ്രകടനം കാഴ്ചവെക്കാനും ആത്മവിശ്വാസത്തോടെ മത്സരിക്കാനും രാജ്യത്തിൻ്റെ അഭിമാനം ഉയർത്താനും അദ്ദേഹം താരങ്ങളോട് ആശംസിച്ചു.
“നിങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കൂ, നന്നായി മത്സരിക്കൂ, തിളങ്ങൂ,” പ്രധാനമന്ത്രി എക്സിൽ കുറിച്ചു.




