കൊച്ചി: കൊച്ചി കണ്ടെയ്‌നർ റോഡിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാൾക്ക് സഹായവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. അപകടസ്ഥലത്ത് എത്തിയ സതീശൻ തൻ്റെ വാഹനവ്യൂഹം നിർത്തി പരിക്കേറ്റയാളെ ഉടൻ ആശുപത്രിയിലെത്തിക്കാൻ നിർദേശം നൽകി.
റോഡിൽ രക്തത്തിൽ കുളിച്ച് കിടന്ന യുവാവിനെയാണ് മുഖ്യമന്ത്രി കണ്ടത്. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരോട് യുവാവിനെ വാഹനവ്യൂഹത്തിനൊപ്പമുണ്ടായിരുന്ന പൊലീസ് പൈലറ്റ് വാഹനത്തിൽ കയറ്റി ആശുപത്രിയിലെത്തിക്കാൻ നിർദേശിക്കുകയായിരുന്നു.
സംഭവത്തിൻ്റെ ദൃശ്യങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പുറത്തുവിട്ടു. ദൃശ്യങ്ങളിൽ സതീശൻ അപകടസ്ഥലത്തേക്ക് നടന്നെത്തുന്നതും പരിക്കേറ്റയാളെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുന്നതും കാണാം.
പൊലീസ് പൈലറ്റ് വാഹനത്തിലാണ് പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയത്.





