സ്ത്രീസുരക്ഷയെക്കുറിച്ചുള്ള കോൺഗ്രസിന്റെ നിലപാട് വ്യക്തമാക്കണം: സിനി മനോജ്

തൃശൂർ: ജവഹർലാൽ നെഹ്‌റു സർവകലാശാലയുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമ പരാതിയിൽ കോൺഗ്രസ് എംപി അംഗോംച ബിമോൾ അക്കോയിജാമിനെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ മഹിളാ മോർച്ച തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോലം കത്തിച്ച് പ്രതിഷേധിച്ചു.
മഹിളാ മോർച്ച തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ശീതൾ രാജ അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി സിനി മനോജ് ഉദ്ഘാടനം ചെയ്തു.
സ്ത്രീസുരക്ഷയെക്കുറിച്ച് രാജ്യത്തിന് ക്ലാസെടുക്കുന്ന കോൺഗ്രസ്, സ്വന്തം പാർട്ടിയുമായി ബന്ധപ്പെട്ട് ഉയരുന്ന ലൈംഗിക ചൂഷണ ആരോപണങ്ങളിൽ മറുപടി പറയേണ്ടതുണ്ടെന്ന് സിനി മനോജ് പറഞ്ഞു. സ്വന്തം പാർട്ടിക്കെതിരെ ഇത്തരം ഗുരുതരമായ ചോദ്യങ്ങൾ ഉയരുമ്പോൾ രാഹുൽ ഗാന്ധി സ്വീകരിക്കുന്ന നിലപാട് വ്യക്തമാക്കണം. സ്ത്രീശാക്തീകരണത്തെക്കുറിച്ചും പുരുഷാധിപത്യത്തിനെതിരെയും നടത്തുന്ന പ്രസംഗങ്ങൾ ഇത്തരം വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കാത്തപക്ഷം വെറും നാടകീയ പ്രകടനങ്ങളായി മാറുമെന്നും അവർ പറഞ്ഞു.
മഹിളാ മോർച്ച സംസ്ഥാന ഉപാധ്യക്ഷ സത്യലക്ഷ്മി ഗിരീഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ഭാഗീരഥി ചന്ദ്രൻ, സംസ്ഥാന ഉപാധ്യക്ഷ മിനി അനിൽകുമാർ, സംസ്ഥാന സെക്രട്ടറി സീന ശശി, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഉദയ വേണുഗോപാൽ, ജ്യോതിലക്ഷ്മി, ലീന, ജില്ലാ ജനറൽ സെക്രട്ടറി സുജിഷ എന്നിവർ പ്രസംഗിച്ചു.




