കൊൽക്കത്ത: അർഹരായ ഒരു വോട്ടർ പോലും വോട്ടർപട്ടികയിൽ നിന്ന് ഒഴിവാകാതിരിക്കാൻ പശ്ചിമ ബംഗാളിൽ പ്രത്യേക ക്യാമ്പയിൻ ആരംഭിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശപ്രകാരം സംസ്ഥാനത്തെ 24 ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരുടെ (DEO) നേതൃത്വത്തിലാണ് നടപടികൾ ആരംഭിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട് പരാതികളുള്ളവർ ബന്ധപ്പെട്ട ബൂത്ത് ലെവൽ ഓഫീസർ (BLO), അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ (AERO), ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ (ERO) അല്ലെങ്കിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ (DEO) എന്നിവരെ സമീപിക്കാമെന്ന് അധികൃതർ അറിയിച്ചു.
അർഹരായ ഒരു വോട്ടറും വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും പശ്ചിമ ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.





