Kerala News Politics

ദേശീയപാതാ വികസനം പൂർത്തിയാക്കാതെ നാട്ടികയിൽ ടോൾ പിരിവ്; നിയമലംഘനത്തിനെതിരെ ശക്തമായ സമരവുമായി ബിജെപി: ജസ്റ്റിൻ ജേക്കബ്

സർവീസ് റോഡുകൾ പൂർത്തിയാക്കണം; തെരുവുവിളക്കുകൾ തെളിയണം; ഫ്ലൈഓവർ നിർമാണം വേഗത്തിലാക്കണം

തൃശ്ശൂർ: ദേശീയപാതയിലെ നിർമാണപ്രവർത്തനങ്ങൾ പൂർണമായും പൂർത്തിയാക്കാതെയും അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കാതെയും നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ദേശീയപാതകളിൽ ടോൾ പിരിക്കുന്നതിനെ ബിജെപി എതിർക്കുന്നില്ല. എന്നാൽ ഗതാഗതക്കുരുക്ക് രൂക്ഷമായും സർവീസ് റോഡുകൾ പൂർണമായും പൂർത്തിയാകാതെയും തെരുവുവിളക്കുകൾ പ്രവർത്തിക്കാതെയും ഫ്ലൈഓവർ നിർമാണം ഇഴഞ്ഞുനീങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ ടോൾ പിരിവ് ആരംഭിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്രമോദി സർക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലമായാണ് രാജ്യത്തുടനീളം ദേശീയപാതാ വികസനം യാഥാർഥ്യമാകുന്നത്. അതിന്റെ ഭാഗമായി കേരളത്തിലും ദേശീയപാത 66-ന്റെ വികസനം പുരോഗമിക്കുകയാണ്. എന്നാൽ, നിർമാണത്തിലെ അപാകതകളും പൂർത്തിയാകാത്ത അടിസ്ഥാനസൗകര്യങ്ങളും പരിഹരിക്കാതെ ടോൾ പിരിവിന് അനുമതി നേടിയ കമ്പനി പിരിവ് ആരംഭിച്ചത് ദേശീയപാതാ വികസനത്തിന്റെ ലക്ഷ്യങ്ങളെപ്പോലും ചോദ്യം ചെയ്യുന്നതാണെന്ന് ജസ്റ്റിൻ ജേക്കബ് കുറ്റപ്പെടുത്തി.

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ബിജെപി നിയമപരമായ മാർഗങ്ങളിലൂടെ പരിഹാരം കണ്ടെത്താനാണ് ഇതുവരെ ശ്രമിച്ചത്. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ സർവകക്ഷിയോഗം പുരോഗമിക്കുന്നതിനിടെ ടോൾ പിരിവ് പുനരാരംഭിച്ചത് ജനാധിപത്യപരമായ ചർച്ചകളോടുള്ള അവഗണനയാണ്. ജനങ്ങളുടെ യാത്രാസുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കാതെ പണം പിരിക്കാനുള്ള നീക്കത്തെ ബിജെപിക്ക് നിശ്ശബ്ദമായി നോക്കിനിൽക്കാനാവില്ല.

ദേശീയപാതാ വികസനത്തിന്റെ പേരിൽ ജനങ്ങളെ ദുരിതത്തിലാക്കാൻ അനുവദിക്കില്ല. സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാക്കുക, തെരുവുവിളക്കുകൾ പ്രവർത്തനക്ഷമമാക്കുക, ഫ്ലൈഓവർ നിർമാണം വേഗത്തിലാക്കുക, ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ അധികൃതർ അടിയന്തരമായി നടപ്പാക്കണം. ആവശ്യമായ നടപടികൾ സ്വീകരിക്കാതെ ടോൾ പിരിവുമായി മുന്നോട്ടുപോകാനാണ് നീക്കമെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളുമായി ബിജെപി രംഗത്തിറങ്ങുമെന്നും ജസ്റ്റിൻ ജേക്കബ് മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *