എ.ടി.എം ൽ നിന്ന് പണം എടുക്കാൻ ശ്രമിച്ച് ലഭിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ കിള്ളിമംഗലം സ്വദേശി കാർത്തികയിലെ രവീന്ദ്രൻ നായർ ഫയൽ ചെയ്ത ഹർജിയിലാണ് ബാങ്ക് ഓഫ് ഇന്ത്യയുടെ തൃശൂർ ചേലക്കര ബ്രാഞ്ച് മാനേജർക്കെതിരെ വിധിയായത്.
രവീന്ദ്രൻ നായർ എ.ടി.എം.മുഖേനെ 10000 രൂപ എടുക്കാൻ ശ്രമിച്ചെങ്കിലും പണം ലഭിച്ചില്ല. എന്നാൽ രവീന്ദ്രൻ നായരുടെ എക്കൗണ്ടിൽ നിന്ന് 10000 രൂപ നഷ്ടപ്പെടുകയും ചെയ്തു. തുടർന്ന് ഹർജി ഫയൽ ചെയ്തു. ഹർജിക്കാരൻ്റെ എക്കൗണ്ടിൽ നിന്ന് 10000 രൂപ എ.ടി.എം. ഇടപാടിലൂടെ നഷ്ടപ്പെട്ടത് തെളിവുകളിലൂടെ സ്ഥിരീകരിച്ചു. എന്നാൽ ഹർജിക്കാരന് എ.ടി.എം. ഇടപാടിലൂടെ പണം ലഭിച്ചു എന്നായിരുന്നു ബാങ്കിൻ്റെ വാദം. എന്നാൽ ഇത് സാധൂകരിക്കുന്നതിനുള്ള തെളിവുകൾ ബാങ്കിന് ഹാജരാക്കാൻ കഴിഞ്ഞില്ല.
ബാങ്കിൻ്റെ പ്രവൃത്തി സേവനത്തിലെ വീഴ്ചയും അനുചിത കച്ചവട ഇടപാടുമാണെന്ന് വിലയിരുത്തിയ പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി, ഹർജിക്കാരന് എ.ടി.എം. ഇടപാടിലൂടെ ലഭിക്കാതിരുന്ന 10000 രൂപയും നഷ്ടപരിഹാരമായി 50000 രൂപയും ചിലവിലേക്ക് 10000 രൂപയും നൽകാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി. ബെന്നി ഹാജരായി വാദം നടത്തി.





