മുംബൈ: പുരസ്കാരങ്ങൾ നേടിയ വന്യജീവി ഡോക്യുമെന്ററി ‘ടർട്ടിൽ വാക്കർ’ ഒക്ടോബർ 19ന് അനിമൽ പ്ലാനറ്റിലൂടെ ടെലിവിഷൻ പ്രീമിയർ നടത്തും. തൈറ മലാനി സംവിധാനം ചെയ്ത ചിത്രം സോയ അക്തറും റീമ കാഗ്തിയും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ചാനലിന്റെ ‘ഇന്ത്യ: എപ്പിക് വൈൽഡ് സ്റ്റോറീസ്’ പരമ്പരയുടെ ഭാഗമായാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
ഇന്ത്യൻ തീരപ്രദേശങ്ങളിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും കടലാമകൾ മുട്ടയിടുന്ന സ്ഥലങ്ങൾ കണ്ടെത്തി രേഖപ്പെടുത്തുകയും അവയുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുകയും ചെയ്ത സംരക്ഷകൻ സതീഷ് ഭാസ്കറിന്റെ ജീവിതമാണ് ഡോക്യുമെന്ററിയുടെ പ്രമേയം.
ടൈഗർ ബേബി, എമാഹോ ഫിലിംസ് എന്നിവർ ചേർന്ന് ഓസ്കർ നാമനിർദേശം ലഭിച്ച എച്ച്.എച്ച്.എം.ഐ ടാംഗിൾഡ് ബാങ്ക് സ്റ്റുഡിയോസുമായി സഹകരിച്ചാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 1970കളുടെ അവസാനത്തിൽ ആരംഭിച്ച ഭാസ്കറിന്റെ പര്യവേക്ഷണങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്.
ലക്ഷദ്വീപിലെ ജനവാസമില്ലാത്ത സുഹേലി പാറിൽ അദ്ദേഹം ചെലവഴിച്ച കാലവും ചിത്രത്തിൽ പ്രധാനമായി അവതരിപ്പിക്കുന്നു. ദ്വീപിൽ താമസിച്ച് സംരക്ഷണ പ്രവർത്തനങ്ങൾ നടത്തിയിരുന്ന കാലത്ത് കുപ്പികളിലാക്കി കടലിലൂടെ അയച്ച കത്തുകളിലൂടെയാണ് അദ്ദേഹം ഭാര്യയുമായി ആശയവിനിമയം നടത്തിയിരുന്നത്.
കടലാമകളുടെ സംരക്ഷണത്തിനായി ഭാസ്കർ നടത്തിയ സാഹസിക യാത്രകളും വ്യക്തിജീവിതത്തിലെ ത്യാഗങ്ങളും സമുദ്ര ആവാസവ്യവസ്ഥ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും ഡോക്യുമെന്ററി അവതരിപ്പിക്കുന്നു. ഇന്ത്യയുടെ സമുദ്ര ജൈവവൈവിധ്യത്തെക്കുറിച്ചും അതിന്റെ സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും കൂടുതൽ ആളുകളിലേക്ക് അവബോധം എത്തിക്കുകയാണ് ചിത്രത്തിന്റെ ലക്ഷ്യം.





