
തൃശൂർ: കേരള സംസ്കാരത്തെ പോഷിപ്പിക്കേണ്ടത് അക്കാഡമികളാണെന്നും ആ അക്കാഡമികളിൽ സാഹിത്യ അക്കാഡമിക്ക് പ്രമുഖ സ്ഥാനമുണ്ടെന്നും ഡോ. പി.വി. കൃഷ്ണൻ നായർ. സാഹിത്യ അക്കാഡമി സെക്രട്ടറി എം.പി. സുരേന്ദ്രന് സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ തൃശൂർ ജില്ലാ കമ്മിറ്റി നൽകിയ അനുമോദന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലയ്ക്കും സാഹിത്യത്തിനും നമ്മെ ഒരു സംസ്കാരത്തിലേക്ക് നയിക്കാനാകണം. ആ ദീർഘവീക്ഷണത്തോടെയാണ് പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു കലയ്ക്കും സാഹിത്യത്തിനുമെല്ലാം പ്രാധാന്യം നൽകി അക്കാഡമികൾ രൂപീകരിച്ചത്.
സംസ്കാരത്തിന്റെ ദീപസ്തംഭമാണ് അക്കാഡമികൾ അതിൽ പ്രത്യേക സ്ഥാനം സാഹിത്യ അക്കാഡമിക്കുണ്ട്. മാദ്ധ്യമ പ്രവർത്തകൻ എന്ന നിലയിലുള്ള പരിചയവും സംഘാടന മികവും എം.പി. സുരേന്ദ്രന് തുണയാകുമെന്നും കൃഷ്ണൻ നായർ അഭിപ്രായപ്പെട്ടു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജ്മോഹൻ മുഖ്യാതിഥിയായി. അക്കാഡമിയിൽ നിന്നും അകന്നുപോയ ചെറുപ്പക്കാർ, സ്ത്രീകൾ, കുട്ടികൾ തുടങ്ങിയ വിഭാഗങ്ങളെ ജനാധിപത്യപരമായ രീതിയിൽ വീണ്ടും അടുപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് മറുപടി പ്രസംഗത്തിൽ എം.പി. സുരേന്ദ്രൻ വിശദീകരിച്ചു.
യൂണിയൻ ജില്ലാ പ്രസിഡന്റ് എ. സേതു മാധവൻ അദ്ധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി സി.എ. കൃഷ്ണൻ സ്വാഗതവും രാജൻ എലവത്തൂർ നന്ദിയും പറഞ്ഞു. ജില്ലാ യു.ഡി.എഫ് ചെയർമാൻ ടി.വി. ചന്ദ്രമോഹൻ, പ്രസ് ക്ലബ് പ്രസിഡന്റ് എം.ബി. ബാബു, എൻ. പത്മനാഭൻ തുടങ്ങിയവർ സംസാരിച്ചു.




