Agriculture India Kerala News Politics

കർഷകരുടെ ആനുകൂല്യങ്ങൾ തടസ്സപ്പെടുത്തുന്ന നടപടികൾ അവസാനിപ്പിക്കണം: ബിജെപി കർഷക മോർച്ച

കുടിശ്ശികയിൽ അകപ്പെട്ട കർഷകർക്ക് ആശ്വാസം നൽകണം; ചേർപ്പ് വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ

ചേർപ്പ്: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുമായി ബന്ധപ്പെട്ട് കർഷകർ നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണുക, പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിൽ തടസ്സങ്ങൾ നേരിടുന്ന കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുക, കുടിശ്ശികയിൽ അകപ്പെട്ട കർഷകർക്ക് ആശ്വാസം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി കർഷക മോർച്ച ചേർപ്പ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർപ്പ് വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.

കർഷക മോർച്ച ചേർപ്പ് മണ്ഡലം പ്രസിഡന്റ് ടോണി കോട്ടയം അധ്യക്ഷത വഹിച്ച ധർണ കർഷക മോർച്ച തൃശൂർ ജില്ലാ പ്രസിഡന്റ് എ.ജി. രാജേഷ് ഉദ്ഘാടനം ചെയ്തു. കർഷകർക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ ആനുകൂല്യങ്ങൾ അർഹരായ കർഷകർക്ക് തടസ്സമില്ലാതെ ലഭ്യമാക്കേണ്ടത് സർക്കാരുകളുടെ ഉത്തരവാദിത്വമാണെന്ന് രാജേഷ് ചൂണ്ടിക്കാട്ടി.

പദ്ധതിയുടെ പേരിൽ കർഷകർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും കുടിശ്ശികയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ അടിയന്തര ഇടപെടൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കർഷകരുടെ അവകാശങ്ങളും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്നതുവരെ കർഷകരുടെ പ്രശ്നങ്ങൾ പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും ആവശ്യമായ ഇടപെടലുകൾക്കായി സമ്മർദം ചെലുത്തുന്നതിനും കർഷക മോർച്ച മുന്നോട്ടുപോകുമെന്ന് കർഷക മോർച്ച തൃശൂർ ജില്ലാ പ്രസിഡന്റ് എ.ജി. രാജേഷ് പറഞ്ഞു.

കർഷക മോർച്ച തൃശൂർ സിറ്റി ജില്ലാ ജനറൽ സെക്രട്ടറി സുശാന്ത് ഐനിക്കുന്നത്ത് ബിജെപി ചേർപ്പ് മണ്ഡലം ജനറൽ സെക്രട്ടറി എ.ആർ. ജോസ് കർഷക മോർച്ച നാട്ടിക മണ്ഡലം ജനറൽ സെക്രട്ടറിമാരായ സുബ്രഹ്മണ്യൻ പുള്ള്, എ.കെ. സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.

മധു പൂച്ചുണ്ണിപ്പാടം, രഞ്ജിത്ത് ലക്ഷ്മണൻ, ഗ്രാമപഞ്ചായത്ത് അംഗം ശ്രുതി വിജിൽ, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് ഷാലി ജഗൻ എന്നിവർ ധർണയ്ക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *