കൊൽക്കത്ത: മുൻ തൃണമൂൽ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ ‘സ്വാസ്ഥ്യ സാഥി’ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി പശ്ചിമ ബംഗാൾ ആരോഗ്യമന്ത്രി ശരദ്വത് മുഖർജി. പദ്ധതിയിൽ 25 മുതൽ 30 കോടി രൂപ വരെയുള്ള അഴിമതി കണ്ടെത്തിയതായാണ് മന്ത്രിയുടെ ആരോപണം.
പദ്ധതിയുടെ ഗുണഭോക്തൃ വിവരങ്ങൾ പരിശോധിച്ചപ്പോൾ ലക്ഷക്കണക്കിന് കാർഡുകൾ വ്യാജമാണെന്നും അവയുടെ ഉടമകളെ കണ്ടെത്താനാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പദ്ധതിയിലും സംസ്ഥാനത്തിന്റെ ‘മുഖ്യമന്ത്രി സ്വാസ്ഥ്യ ബീമ യോജന’യിലും അർഹരായവർക്ക് ആനുകൂല്യം ഉറപ്പാക്കുന്നതിനായി വിവരങ്ങൾ പരിശോധിക്കുന്നതിനിടെയാണ് ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുണഭോക്താക്കളെ സ്ഥിരീകരിക്കാൻ കഴിയാത്ത കാർഡുകൾക്കായി മുൻ സർക്കാർ പ്രതിവർഷം ഏകദേശം 30 കോടി രൂപ ഇൻഷുറൻസ് പ്രീമിയമായി ചെലവഴിച്ചിരുന്നതായും മന്ത്രി ആരോപിച്ചു. എന്നാൽ മന്ത്രിയുടെ ആരോപണങ്ങളിൽ മുൻ തൃണമൂൽ കോൺഗ്രസ് സർക്കാരിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.





