തിരുവനന്തപുരം: ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ നിയമനവുമായി ബന്ധപ്പെട്ട പരീക്ഷാ ക്രമക്കേട് കേസിൽ പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവിനെ പ്രതി ചേർത്തു. പി.എസ്.സി അംഗങ്ങളെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്.
ഇഷ്ടക്കാർക്ക് നിയമനം ലഭ്യമാക്കി അന്യായ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അധികാര ദുർവിനിയോഗത്തിലൂടെ യോഗ്യതയില്ലാത്തവർക്ക് നിയമനം നൽകിയെന്നും ഇതുവഴി പി.എസ്.സിയുടെ വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തിയെന്നും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.
കേസുമായി ബന്ധപ്പെട്ട് ചെയർമാനെയും പി.എസ്.സി അംഗങ്ങളെയും പ്രത്യേക അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴികളിൽ വൈരുധ്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ അടിസ്ഥാനത്തിൽ വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ആലോചിക്കുന്നതായും വിവരമുണ്ട്.
അതേസമയം, ആസൂത്രണ ബോർഡിലെ പരീക്ഷയുമായി ബന്ധപ്പെട്ട് പി.എസ്.സിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ സാങ്കേതിക പിഴവാണ് പ്രശ്നങ്ങൾക്ക് കാരണമെന്നുമായിരുന്നു ചെയർമാന്റെ വിശദീകരണം.





