Business Economy India International Kerala News Politics

ആസിയാൻ, കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്താൻ പുതിയ പദ്ധതികളുമായി ഇന്ത്യ

ന്യൂഡൽഹി: ആസിയാൻ രാജ്യങ്ങളുമായും കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പുതിയ പദ്ധതികളും സംരംഭങ്ങളും പ്രഖ്യാപിച്ച് ഇന്ത്യ. 23-ാമത് ഇന്ത്യ-ആസിയാൻ ഉച്ചകോടിയുടെയും 21-ാമത് കിഴക്കൻ ഏഷ്യൻ ഉച്ചകോടിയുടെയും ഭാഗമായി ദുരന്തനിവാരണം, സൈബർ സുരക്ഷ, സമുദ്രസുരക്ഷ, വിദ്യാഭ്യാസം, യുവജന വിനിമയം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കാനുള്ള തീരുമാനങ്ങളാണ് പ്രഖ്യാപിച്ചത്.

ദുരന്തനിവാരണ സഹകരണത്തിനുള്ള ഇന്ത്യ-ആസിയാൻ സംയുക്ത പ്രസ്താവന, ഓൺലൈൻ തട്ടിപ്പുകളും അനുബന്ധ കുറ്റകൃത്യങ്ങളും ചെറുക്കുന്നതിനുള്ള കിഴക്കൻ ഏഷ്യൻ ഉച്ചകോടി നേതാക്കളുടെ പ്രസ്താവന, ഭാവിയിലെ സ്ഥിരതയും നവീകരണവും ലക്ഷ്യമിടുന്ന കിഴക്കൻ ഏഷ്യൻ ഉച്ചകോടി പ്രഖ്യാപനം എന്നിവയും അംഗീകരിച്ചു.

ഇന്ത്യ-ആസിയാൻ സഹകരണത്തിന്റെ ഭാഗമായി സമുദ്രഗതാഗത ബന്ധം, ശാസ്ത്രീയ ഗവേഷണം, ദുരന്തനിവാരണം, കോസ്റ്റ് ഗാർഡ് സഹകരണം, സമുദ്രസുരക്ഷ എന്നിവ ഉൾക്കൊള്ളുന്ന ദീർഘകാല സമുദ്രസഹകരണ പദ്ധതി പ്രഖ്യാപിച്ചു. സൈബർ ഫോറൻസിക് പരിശീലനം, ആണവോർജ മേഖലയിലെ സാങ്കേതിക കൈമാറ്റം, ബഹിരാകാശ ഹാക്കത്തോൺ, നിർണായക ധാതുക്കളുടെ ഖനനം, യുവജന-സംരംഭക വിനിമയ പരിപാടികൾ എന്നിവയും പദ്ധതിയിലുണ്ട്.

നളന്ദ സർവകലാശാലയിൽ ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ വർധിപ്പിക്കും. WAVES 2027-ൽ ഇന്ത്യ-ആസിയാൻ ക്രിയേറ്റീവ് പാർട്ണർഷിപ്പ് പവലിയൻ സ്ഥാപിക്കുന്നതിനും ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് സൗജന്യ ഇ-വിസ അനുവദിക്കുന്നതിനും തീരുമാനമായി.

21-ാമത് കിഴക്കൻ ഏഷ്യൻ ഉച്ചകോടിയുടെ ഭാഗമായി നാവികർക്കായുള്ള സുരക്ഷാ സംരംഭം, ഓൺലൈൻ തട്ടിപ്പുകളും അതിർത്തി കടന്നുള്ള സൈബർ കുറ്റകൃത്യങ്ങളും നേരിടുന്നതിനുള്ള സൈബർ ക്രൈം സമ്മേളനം എന്നിവയും പ്രഖ്യാപിച്ചു. നാഷണൽ ഫോറൻസിക് സയൻസ് സർവകലാശാലയിലാണ് സമ്മേളനം സംഘടിപ്പിക്കുക.

ഗുജറാത്തിലെ ലോഥലിൽ സമുദ്ര പൈതൃകോത്സവവും നളന്ദയിൽ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ സർവകലാശാലകളെ പങ്കെടുപ്പിച്ചുള്ള യൂണിവേഴ്സിറ്റി കോൺക്ലേവും സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *