Environment India International Kerala News Politics

കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ കടുവ, പുലി എന്നിവയുടെ സംരക്ഷണം നിർണായകം: ഭൂപേന്ദർ യാദവ്

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കുന്നതിനും പരിസ്ഥിതി വ്യവസ്ഥയുടെ അതിജീവനശേഷി ശക്തിപ്പെടുത്തുന്നതിനും കടുവ, പുലി തുടങ്ങിയ വലിയ പൂച്ച വർഗ്ഗങ്ങളുടെ സംരക്ഷണം നിർണായകമാണെന്ന് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവ്. തുർക്കിയിലെ അന്റാലിയയിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയായ കോപ് 31-ൽ (COP31) സംഘടിപ്പിച്ച ഉന്നതതല മന്ത്രിതല ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസും (IBCA) സംയുക്തമായാണ് ‘ബിഗ് ക്യാറ്റ്സ്: ഡ്രൈവേഴ്സ് ഓഫ് ക്ലൈമറ്റ് ചേഞ്ച് മിറ്റിഗേഷൻ’ എന്ന വിഷയത്തിൽ പരിപാടി സംഘടിപ്പിച്ചത്.നേപ്പാൾ, വെനസ്വേല, കംബോഡിയ, ശ്രീലങ്ക തുടങ്ങിയ വൻപൂച്ചകളുടെ ആവാസമേഖലകളുള്ള രാജ്യങ്ങളിലെ മന്ത്രിമാരും പ്രതിനിധികളും റാംസർ കൺവെൻഷൻ, ഐക്യരാഷ്ട്രസഭയുടെ മരുഭൂവൽക്കരണ പ്രതിരോധ കൺവെൻഷൻ (UNCCD) തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.

ലോകത്തിലെ ഏഴ് പ്രധാന വൻപൂച്ച വർഗങ്ങളുടെയും അവയുടെ ആവാസവ്യവസ്ഥകളുടെയും സംരക്ഷണം കാർബൺ സമ്പന്നമായ ആവാസമേഖലകളെ സംരക്ഷിക്കുന്നതിനും പരിസ്ഥിതി സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും കാലാവസ്ഥാ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ആഗോള കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും സഹായിക്കുമെന്ന് ചർച്ചയിൽ വിലയിരുത്തി.

ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസിന്റെ ഡയറക്ടർ ജനറൽ എസ്.പി. യാദവ് സംഘടനയുടെ പ്രവർത്തനങ്ങളെയും അംഗരാജ്യങ്ങളിലെ വൻപൂച്ചകളുടെ നിലവിലെ അവസ്ഥയെയും കുറിച്ച് അവതരണം നടത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വൻപൂച്ചകളുടെ സംരക്ഷണത്തിനായി ഇന്ത്യ നടത്തുന്ന പ്രവർത്തനങ്ങളെയും പ്രത്യേകിച്ച് ചീറ്റപ്പുലികളുടെ പുനരധിവാസ പദ്ധതിയെയും പങ്കെടുത്ത പ്രതിനിധികൾ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *