
ഫിലിപ്പീൻസിലെ മനിലയിലുള്ള ഖൽസ ദിവാൻ ഗുരുദ്വാര സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുദ്വാരയുടെ പുനർനിർമാണത്തിനുള്ള തറക്കല്ലിടൽ ചടങ്ങിന് പഞ്ച് പ്യാരെയുടെ സാന്നിധ്യത്തിൽ അദ്ദേഹം നേതൃത്വം നൽകി.

ഫിലിപ്പീൻസിലെ സെനറ്റർ ഫ്രാൻസിസ് ജോസഫ് എസ്കുഡെറോ, മനില സിറ്റി മേയർ ഫ്രാൻസിസ്കോ ഇസ്കോ മൊറേനോ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

1901-ൽ സ്ഥാപിതമായ ഗുരുദ്വാര 1903-ലാണ് ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചത്. 1924-ൽ ഖൽസ ദിവാൻ എന്ന പേരിൽ രജിസ്റ്റർ ചെയ്തു. ഫിലിപ്പീൻസിലെ ഏറ്റവും പഴക്കമുള്ള ഗുരുദ്വാരയെന്ന പ്രത്യേകതയും ഇതിനുണ്ട്.

സിഖ് സമൂഹത്തിനും മനിലയിലെ മറ്റ് വിഭാഗങ്ങൾക്കുമായി ആത്മീയ, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ഗുരുദ്വാര നിർണായക സംഭാവനകൾ നൽകിവരുന്നു. ഇന്ത്യൻ-സിഖ് സമൂഹവും ഫിലിപ്പീൻസ് ജനതയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും സ്ഥാപനം പ്രധാന പങ്കുവഹിക്കുന്നുണ്ട്.




