India Kerala News Politics

ജനാധിപത്യ സ്ഥാപനങ്ങളിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർധിപ്പിക്കണം: ഓം ബിർള

ജനാധിപത്യ സ്ഥാപനങ്ങളിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള. നേതൃത്വം, നയരൂപീകരണം, നിയമനിർമാണം തുടങ്ങിയ മേഖലകളിൽ സ്ത്രീകൾക്ക് സജീവ പങ്കാളിത്തം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവിൽ നടന്ന ആദ്യ കോമൺവെൽത്ത് വിമൻ പാർലമെന്റേറിയൻസ് (CWP) ഇന്ത്യ റീജിയൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2023-ൽ പാസാക്കിയ നാരീശക്തി വന്ദൻ അധിനിയമത്തെ പരാമർശിച്ച അദ്ദേഹം ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കാനുള്ള വ്യവസ്ഥ നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും വ്യക്തമാക്കി. പഞ്ചായത്തുകൾ മുതൽ പാർലമെന്റ് വരെ സ്ത്രീകളുടെ നേതൃത്വപങ്കാളിത്തം വ്യാപിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിരവധി സംസ്ഥാനങ്ങൾ ഇതിനകം പഞ്ചായത്തുകളിലും നഗരസഭകളിലും സ്ത്രീകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമനിർമാണ സഭകളിലും തീരുമാനമെടുക്കുന്ന സമിതികളിലും സ്ത്രീകളുടെ പങ്കാളിത്തം വർധിക്കുന്നത് കൂടുതൽ ശക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതും ഉത്തരവാദിത്തമുള്ളതുമായ ജനാധിപത്യം കെട്ടിപ്പടുക്കാൻ സഹായിക്കുമെന്ന് ഓം ബിർള പറഞ്ഞു. സമൂഹത്തിന്റെ ആവശ്യങ്ങളും വെല്ലുവിളികളും അഭിമുഖീകരിക്കുന്നതിൽ സ്ത്രീകളുടെ പ്രതിബദ്ധതയും ഉത്തരവാദിത്തബോധവും നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *