കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി ഹൈക്കോടതി തള്ളിയതായി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. നവീന്‍ ബാബുവിന്റെ കുടുംബം നൽകിയ ഹര്‍ജിയാണ് തള്ളിയത്.
ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി തള്ളിയതിനെ തുടർന്ന് നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ ഡിവിഷന്‍ ബെഞ്ചിൽ അപ്പീൽ നൽകിയിരുന്നു. നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും, നീതി ഉറപ്പാക്കാന്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിരുന്നു.
നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണോ എന്നത് സംശയാസ്പദമാണെന്നും, കേസിലെ പ്രതി പി പി ദിവ്യ ഭരണകക്ഷിയായ സിപിഎമ്മിന്റെ നേതാവായതുകൊണ്ട് പ്രാദേശിക അന്വേഷണത്തിൽ നീതിയില്ലെന്നും കുടുംബം ആരോപിച്ചു.
അതേസമയം, കേസിൽ കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ കോടതിയിൽ വ്യക്തമാക്കി. യാത്രയയപ്പ് യോഗത്തിൽ പി പി ദിവ്യ അധിക്ഷേപിച്ചതിന്‍റെ മനോവിഷമത്തിലാണ് നവീന്‍ ബാബു ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ കണ്ടെത്തലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍, ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റിയന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്, സിബിഐ അന്വേഷണം ആവശ്യം തള്ളുകയായിരുന്നു. ഹൈക്കോടതി വിധിയില്‍ വിഷമമുണ്ടെന്നും മഞ്ജുഷ പ്രതികരിച്ചു. മറ്റുള്ളവരുമായി കൂടിയാലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും നവീന്‍ ബാബുവിന്റെ കുടുംബം വ്യക്തമാക്കി.





