Education Kerala News

ഗുരുവായൂർ ദേവസ്വത്തിൽ വായനദിനാഘോഷം


ഗുരുവായൂർ ദേവസ്വം മതഗ്രന്ഥ ശാലയുടെ ആഭിമുഖ്യത്തിൽ ജൂൺ 19ന് വായന ദിനം സമുചിതമായി ആഘോഷിക്കും. ദേവസ്വം മതഗ്രന്ഥശാലയിലെ മികച്ച വായനക്കാരായി തെരഞ്ഞെടുക്കപ്പെട്ട ശ്യാമള ആനന്ദ്, വിനീത്,
സാഹിത്യ രംഗത്തെ മികച്ച സംഭാവനയ്ക്ക് സാഹിത്യ അക്കാദമി മുൻ സെക്രട്ടറി ഡോ.പി.വി. കൃഷ്ണൻ നായർ, ഗ്രന്ഥശാല പ്രവർത്തനത്തിലെ സംഭാവനകൾക്ക് വി.മുരളി എന്നിവരെ വായനദിനത്തിൽ ആദരിക്കും.

ജൂൺ 19 വെളളിയാഴ്ച രാവിലെ പത്തു മണിക്ക് ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ ചേരുന്ന സാംസ്കാരിക സമ്മേളനം ഗുരുവായൂർ ദേവസ്വം ചെയർമാൻ ഏ. വി. ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. വായനാ ദിനാഘോഷ ഭാഗമായി സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ്, ഉപന്യാസ മത്സര വിജയികൾക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവ്വഹിക്കും. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് അധ്യക്ഷനാകും. ദേവസ്വം ഭരണസമിതി അംഗം എം.യു. ഷിനിജ സ്വാഗതം ആശംസിക്കും.

കവിയും അധ്യാപക ശ്രേഷ്ഠനുമായ രാധാകൃഷ്ണൻ കാക്കശ്ശേരി വായനദിന സന്ദേശം നൽകും. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, മനോജ് ബി നായർ, കെ .എസ് ബാലഗോപാൽ എന്നിവർ സന്നിഹിതരാകും. ലൈബ്രറി ഉപദേശക സമിതി അംഗങ്ങളായ വി.പി. ഉണ്ണിക്കൃഷ്ണൻ, ഷാജു പുതൂർ എന്നിവർ ആദരം ഏറ്റുവാങ്ങുന്നവരെ സദസിന് പരിചയപ്പെടുത്തും. പ്രസിദ്ധീകരണ വിഭാഗം മാനേജർ കെ.ജി. സുരേഷ് കുമാറാണ് ചടങ്ങിന് നന്ദി രേഖപ്പെടുത്തുക.

Leave a Reply

Your email address will not be published. Required fields are marked *