Environment India News

ബോട്സ്വാനയിൽ നിന്നെത്തിയ ചീറ്റയ്ക്ക് നാല് കുഞ്ഞുങ്ങൾ; ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 62 ആയി

ഇന്ത്യയുടെ ചീറ്റ സംരക്ഷണ പദ്ധതിക്ക് ചരിത്രനേട്ടം. ബോട്സ്വാനയിൽ നിന്ന് ഇന്ത്യയിലെത്തിച്ച രണ്ടര വയസുള്ള പെൺചീറ്റയായ കോംങ് 3 (KOMG 3) കാട്ടിൽ നാല് ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. സ്വാഭാവിക സാഹചര്യത്തിൽ കാട്ടിൽ നടന്ന പ്രസവം പ്രോജക്ട് ചീറ്റയുടെ സുപ്രധാന നേട്ടമായി വിലയിരുത്തപ്പെടുന്നു.

ബോട്സ്വാനയിൽ നിന്നെത്തിയ ഒരു പെൺചീറ്റ ഇന്ത്യയിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത് ആദ്യമായാണെന്ന് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. പ്രസവത്തിന് മുമ്പ് നാല് മാസത്തിലധികമായി ചീറ്റ കാട്ടിൽ സ്വതന്ത്രമായി കഴിഞ്ഞിരുന്നു.

2022-ൽ ചീറ്റകളെ ഇന്ത്യയിലേക്ക് പുനരവതരിപ്പിച്ച പദ്ധതി ആരംഭിച്ചതിനുശേഷം കാട്ടിൽ രേഖപ്പെടുത്തുന്ന രണ്ടാമത്തെ പ്രസവമാണിത്.

നാല് കുഞ്ഞുങ്ങളുടെ ജനനത്തോടെ ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 62 ആയി ഉയർന്നു. ഇതിൽ 43 എണ്ണം ഇന്ത്യയിൽ ജനിച്ചവയാണ്.

രാജ്യത്ത് സുസ്ഥിരമായ ചീറ്റ ജനസംഖ്യ പുനഃസ്ഥാപിക്കുന്നതിനുള്ള യാത്രയിലെ നിർണായക നാഴികക്കല്ലാണിതെന്ന് ഭൂപേന്ദർ യാദവ് പറഞ്ഞു. ചീറ്റ സംരക്ഷണ പദ്ധതിയുടെ വിജയത്തിനായി പ്രവർത്തിക്കുന്ന പദ്ധതി അധികൃതർ, മൃഗഡോക്ടർമാർ, വനംവകുപ്പിലെ ജീവനക്കാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ സമർപ്പണത്തെയും കഠിനാധ്വാനത്തെയും അദ്ദേഹം അഭിനന്ദിച്ചു.

വന്യജീവി സംരക്ഷണത്തിന് ക്ഷമയും സ്ഥിരോത്സാഹവും കൂട്ടായ പരിശ്രമവും അനിവാര്യമാണെന്നും ഓരോ പുതിയ ജനനവും സംരക്ഷണ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *