കേരള ഫീഡ്‌സിന്റെ സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു
ക്ഷീരകര്‍ഷകരുടെ പശുക്കള്‍ക്ക് കേരള ഫീഡ്‌സ് നല്‍കുന്ന സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വ്വഹിച്ചു. അടുത്ത മൂന്ന് സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ പശുക്കള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന ബൃഹത്തായ പദ്ധതിയാണ് കേരളം ആവിഷ്‌കരിക്കുന്നതെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി. കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇരിങ്ങാലക്കുട കല്ലേറ്റുംകരയില്‍ കെഎഫ്എല്‍ ആസ്ഥാനത്ത് ക്ഷീരകര്‍ഷകരുടെ പശുക്കള്‍ക്ക് കേരള ഫീഡ്‌സ് (കെഎഫ്എല്‍) നല്‍കുന്ന സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ കറവപ്പശുക്കളില്‍ 95 ശതമാനവും സങ്കരയിനം പശുക്കളാണെന്ന് മന്ത്രി പറഞ്ഞു. കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് തീറ്റയുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന കേരള ഫീഡ് ആക്ട് ബില്ലില്‍ നിലവാരം കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കമ്പനികള്‍ക്ക് പിഴ ചുമത്തുന്നതിന് വ്യവസ്ഥകളുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഒമ്പത് കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റുകളും മന്ത്രി വിതരണം ചെയ്തു.
കന്നുകാലി തീറ്റയുടെ പ്രധാന ഘടകമായതിനാല്‍ കേരളത്തില്‍ ചോളം കൃഷി ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. കേരള ഫീഡ്‌സ് വൈവിധ്യവല്‍ക്കരണ പദ്ധതികളുമായി മുന്നോട്ട് പോകണമെന്നും പശുക്കള്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി നപ്പാക്കുന്ന കെഎഫ്എല്‍ ന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇടുക്കി ജില്ലയിലെ അണക്കരയില്‍ നടന്ന ‘പടവ് 2024’ സംസ്ഥാന ക്ഷീര കര്‍ഷക സംഗമത്തില്‍ വച്ചാണ് ഇന്‍ഷുറന്‍സ് പദ്ധതിക്കായി 250 ക്ഷീരകര്‍ഷകരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്. ക്ഷീരമേഖലയില്‍ സമീപകാലത്ത് ഉണ്ടായ അഭൂതപൂര്‍വ്വമായ വളര്‍ച്ചയെ ചൂണ്ടിക്കാട്ടി 2018-ലെയും 19-ലെയും വെള്ളപ്പൊക്കത്തിലെയും പിന്നീട് കോവിഡ് വേളയിലെയും കഠിനമായ സാഹചര്യങ്ങളെയും കെഎഫ്എല്ലിന് തരണം ചെയ്യാന്‍ സാധിച്ചുവെന്ന് കെഎഫ്എല്‍ ചെയര്‍മാന്‍ കെ. ശ്രീകുമാര്‍ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരള ഫീഡ്‌സിന്റെ വിറ്റുവരവ് 568 കോടി രൂപയും ലാഭം 100 കോടി രൂപയുമായിരുന്നെന്ന് റിപ്പോര്‍ട്ട് അവതരിപ്പിച്ച കെഎഫ്എല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി. ശ്രീകുമാര്‍ പറഞ്ഞു. കേരള ഫീഡ്‌സിന് നിലവില്‍ ആറ് ജില്ലകളില്‍ ഫാക്ടറികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെഎഫ്എല്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഉഷ പത്മനാഭന്‍, ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ജോജോ, ആര്‍ട്‌കോ മാനേജിങ് ഡയറക്ടര്‍ മാത്യു സി.വി, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തംഗം പി.കെ ഡേവിസ് മാസ്റ്റര്‍, മാള ബ്ലോക്ക് പഞ്ചായത്തംഗം സന്ധ്യ നൈസന്‍, ആളൂര്‍ ഗ്രാമപഞ്ചായത്തംഗം ഓമന ജോര്‍ജ്ജ്, തൊഴിലാളി സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.