India Kerala

വയനാട് ഉരുൾപൊട്ടൽ ദുരന്തം: ഇതുവരെ 1592 പേരെ രക്ഷപ്പെടുത്തി

* 82 ദുരിതാശ്വാസ ക്യാംപുകളിൽ 8017 പേരെ മാറ്റിപ്പാർപ്പിച്ചു

വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ വൻ ഉരുൾപൊട്ടലിനെത്തുടർന്നുള്ള ദുരന്ത നിവാരണ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ പൂർണ തോതിൽ പുരോഗമിക്കുന്നു. വൈകിട്ട് നാലു മണി വരെയുള്ള കണക്കുകൾ പ്രകാരം 1592 പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 191 പേരെ കാണാനില്ലെന്നാണ് ഇതുവരെ കണക്കാക്കിയിട്ടുള്ളത്.

ദുരന്ത മേഖലയിൽനിന്നു പരമാവധിയാളുകളെ സുരക്ഷിതരാക്കുന്നതിനുള്ള ശ്രമങ്ങൾ നല്ല നിലയിൽ  പുരോഗമിക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു. മാറാൻ തയ്യാറാവാത്തവർക്ക് ആവശ്യത്തിന് ഭക്ഷണം എത്തിക്കുന്നുണ്ട്. ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടവർക്ക് ആവശ്യമായ ചികിത്സയും പരിചരണവും ഒരുക്കുന്നുണ്ട്.

ദുരന്തമുണ്ടായി ചുരുങ്ങിയ സമയത്തിനുള്ളിൽ 1592 പേരെ രക്ഷിക്കാനായത് ഏകോപിതവും അതിവിപുലവുമായ ദൗത്യത്തിന്റെ നേട്ടമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ആദ്യ ഘട്ടത്തിൽ ദുരന്ത മുണ്ടായത്തിന്റെ സമീപസ്ഥലങ്ങളിലെ 68 കുടുംബങ്ങളിലെ 206 പേരെ മൂന്ന് ക്യാമ്പുകളിലേക്ക് മാറ്റി. ഇതിൽ 75 പുരുഷന്മാർ 88 സ്ത്രീകൾ, 43 കുട്ടികൾ എന്നിവരാണ്. ഉരുൾപൊട്ടലിനെ തുടർന്ന് ഒറ്റപ്പെട്ടു പോയവരും വീടുകളിൽ കുടുങ്ങിപ്പോയവരുമായ 1386 പേരെ തുടർന്നുള്ള രക്ഷാ ദൗത്യത്തിന്റെ ഫലമായി രക്ഷിച്ചു. ഇതിൽ 528 പുരുഷന്മാർ, 559 സ്ത്രീകൾ, 299 കുട്ടികൾ എന്നിവരെ ഏഴ് ക്യാമ്പുകളിലേക്ക് മാറ്റി. 201 പേരെ രക്ഷിച്ചു ആശുപത്രിയിലെത്തിച്ചു. ഇതിൽ 90 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. വയനാട് ജില്ലയിലാകെ നിലവിൽ 82 ദുരിതാശ്വാസ ക്യാമ്പുകളിലായി 8017 ആളുകളാണുള്ളത്. അതിൽ 19 പേർ ഗർഭിണികളാണ്. മേപ്പാടിയിൽ 8 ക്യാമ്പുകളാണ് ഉള്ളത്. മൊത്തം 421 കുടുംബങ്ങളിലായി 1486 പേർ ഈ ക്യാമ്പുകളിൽ ഇപ്പോൾ കഴിയുകയാണ്.

മുണ്ടക്കൈ ചെറാട്ട്കുന്ന് കോളനിയിൽ 32 പേരിൽ 26 പേരെ കണ്ടെത്തി. ഇതിൽ 24 പേരെ അട്ടമല ക്യാമ്പിലേക്ക് മാറ്റി. മേപ്പാടി പോളിടെക്നിക്കിൽ താൽക്കാലിക ആശുപത്രി സജ്ജമാക്കി. ചൂരൽമലയിലെ മദ്രസയിലും പള്ളിയിലും താൽക്കാലിക ക്ലിനിക് തയാറാക്കി. പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിലാക്കാനും പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

പോസ്റ്റ്മോർട്ടം നടത്താൻ കൂടുതൽ ഫോറൻസിക് സംഘങ്ങളെ നിയോഗിച്ചു. പോസ്റ്റ്മോർട്ടം ടേബിളുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. ഇന്നലെ രാത്രിയിലും പോസ്റ്റുമോർട്ടം നടത്തിയിരുന്നു. രാവിലെ കിട്ടിയ മൃതദേഹങ്ങളും പോസ്റ്റ്മോർട്ടം നടത്തി. ഓരോ അര മണിക്കൂർ ഇടവിട്ട് കൃത്യമായ വിവരങ്ങൾ ലഭ്യമാക്കി വരുന്നു. പുഴയിലൂടെ ഒഴുകി  മലപ്പുറം ജില്ലയിലെത്തുന്ന മൃതശരീരങ്ങൾ കണ്ടെത്തുന്നതിനുള്ള സജ്ജീകരണങ്ങളും പ്രവർത്തനനിരതമാണ്. മൃതദേഹങ്ങൾ തിരിച്ചറിയാനെത്തുന്ന ബന്ധുക്കൾ ഉൾപ്പെടെയുള്ളവർക്ക് സഹായമൊരുക്കി. ശരീര ഭാഗങ്ങൾ മാത്രം ലഭിച്ചവയിൽ ജനിതക പരിശോധനയ്ക്കായി സാമ്പിളുകളെടുക്കുന്നുണ്ട്.

എല്ലാ ക്യാമ്പുകളിലും മാനസിക പിന്തുണ ഉറപ്പാക്കുന്നതിന് മാനസികാരോഗ്യ വിദഗ്ധരുടേയും കൗൺസിലർമാരുടേയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. വീടുകളിൽ കഴിയുന്നവരെ നേരിട്ട് സന്ദർശിച്ച് മാനസിക പിന്തുണ ഉറപ്പാക്കും. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ ആരംഭിച്ച സ്റ്റേറ്റ് കൺട്രോൾ റൂം പ്രവർത്തനം 24 മണിക്കൂറാക്കി. കോഴിക്കോട്, കണ്ണൂർ, തൃശൂർ മെഡിക്കൽ കോളേജുകളിൽ നിന്നുള്ള ടീം വയനാട്ടിലേക്ക് എത്തി. സർജറി, ഓർത്തോപീടിക്സ്, കാർഡിയോളജി, സൈക്കാട്രി, ഫോറെൻസിക് വിഭാഗങ്ങളിലെ ഡോക്ടമാരെയും നഴ്സുമാരെയും അധികം നിയോഗിച്ചു. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരുടെ സംഘത്തെയും നിയോഗിച്ചു.

രക്ഷപ്പെട്ടു വരുന്നവർക്ക് അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കാൻ ചൂരൽമലയിലെ കൺട്രോൾ റൂം കേന്ദ്രീകരിച്ച് ഓക്സിജൻ ആംബുലൻസ് ഉൾപ്പെടെ മെഡിക്കൽ പോയിന്റ് സൗകര്യമൊരുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇവിടെ കാര്യങ്ങൾ ഏകോപിപ്പിക്കാൻ മുതിർന്ന ഉദ്യോഗസ്ഥനെ നിയമിക്കും. ആവശ്യത്തിന് ഡോക്ടർമാരെയും  മറ്റ് ആരോഗ്യപ്രവർത്തകരെയും  നിയോഗിക്കും. കോഴിക്കോട്, തലശ്ശേരി ഉൾപ്പെടെ നാല് സഹകരണ ആശുപത്രിയിൽ നിന്നുള്ള  ഡോക്ടർമാരുടെ സംഘം വരാൻ തയ്യാറായിരിക്കുകയാണ്. 

കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി പാലത്തിലൂടെ കൊണ്ടുവരുന്ന പോയിൻറിൽ വെള്ളം വിതരണം ചെയ്യാൻ സജ്ജീകരണം ഏർപ്പെടുത്തും. ഇവിടെയും ആരോഗ്യ ടീമിനെ നിയോഗിക്കും. ചൂരൽമലയിൽ ജെസിബി നിൽക്കുന്ന സ്ഥലം മുതൽ കൺട്രോൾ റൂം വരെ ആവശ്യത്തിന് വെളിച്ചത്തിനുള്ള സംവിധാനം ഒരുക്കും.

Leave a Reply

Your email address will not be published. Required fields are marked *