India Kerala

കര്‍ഷകര്‍ക്ക് മൂല്യവര്‍ദ്ധനയിലൂടെ അധിക വരുമാനം നേടാം. മന്ത്രി പി രാജീവ്

 കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് നല്ല വില ലഭിക്കണമെങ്കില്‍ മൂല്യ വര്‍ദ്ധനവ് കൂടിയേ തീരൂ എന്നും മൂല്യവര്‍ദ്ധനവിലൂടെ അധിക വരുമാനം കര്‍ഷകര്‍ക്ക് നേടാമെന്നും വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ ഉദ്ഘാടനവും കര്‍ഷക ദിന  ആഘോഷവും മഹാത്മാഗാന്ധി കമ്മ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി 17 മൂല്യ വര്‍ദ്ധിത യൂണിറ്റുകള്‍ ആരംഭിച്ചെന്നും ആലങ്ങാട് ശര്‍ക്കരയ്ക്ക് വേണ്ടിയുള്ള കൃഷി 50 ഏക്കറില്‍ നിന്നും കൂടുതല്‍ ഏരിയയിലേക്ക് വ്യാപിപ്പിക്കുമെന്നും വാണിജ്യ ഉത്പാദനം ഉടന്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. 500 ഏക്കറിലധികം പച്ചക്കറി കൃഷിയും 700 ഏക്കറിലധികം നെല്‍കൃഷിയും ഇപ്പോള്‍ ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കൃഷിയിടങ്ങളില്‍ ട്രിപ്പ് ഇറിഗേഷന്റെ പ്രാധാന്യത്തെക്കുറിച്ചും എല്ലാ പഞ്ചായത്തുകളിലും ഡ്രോണ്‍ വാങ്ങുന്നതിനുമുള്ള നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മികച്ച കര്‍ഷകരെ ആദരിക്കുകയും മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളുടെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.
 ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് ഇക്കോ ഷോപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തില്‍ അധ്യക്ഷത വഹിച്ചു. കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ രാജലക്ഷ്മി,  സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി കെ സലിം, പി എ അബൂബക്കര്‍, കെ എസ് താരാനാഥ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാരായ ട്രീസാ മോളി, ഓമന ശിവശങ്കരന്‍,  ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ യേശുദാസ് പറപ്പിള്ളി, കെ വി രവീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ അനില്‍കുമാര്‍, കെ ആര്‍ രാമചന്ദ്രന്‍,  വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍, കര്‍ഷകര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്ദു നായര്‍ പി, ആലുവ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി എന്‍ രാജു, കടുങ്ങല്ലൂര്‍ കൃഷി ഓഫീസര്‍ നെയ്മ നൗഷാദ് അലി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *