തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനോട് ചേർന്ന നെമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേരിൽ മാറ്റം വരുത്തി വിജ്ഞാപനം പുറത്തിറങ്ങി. നെമത്തിന്റെ പേര് “തിരുവനന്തപുരം സൗത്ത്” എന്നും, കൊച്ചുവേളി “തിരുവനന്തപുരം നോർത്ത്” എന്നും അറിയപ്പെടും. റെയിൽവേ ബോർഡിന്റെ ഔദ്യോഗിക ഉത്തരവ് കൂടി പുറത്തുവന്നാൽ പേരുമാറ്റം പ്രാബല്യത്തിൽ വരും.
പേരുമാറ്റത്തിനായി സംസ്ഥാന സർക്കാരിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചതിനെ തുടർന്ന്, ഉത്തരവ് ഉടൻ റെയിൽവേ പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷ.
തിരുവനന്തപുരത്ത് റെയിൽവേ വികസനത്തിന് പുതിയ വഴികൾ തുറക്കാൻ ഈ നീക്കം സഹായകമാകുമെന്ന് ശശി തരൂർ എംപി അഭിപ്രായപ്പെട്ടു. ഇതിനായുള്ള സഹായം നൽകിയ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനും, സംസ്ഥാന സർക്കാരിനും, റെയിൽവേ ഉദ്യോഗസ്ഥർക്കും തരൂർ നന്ദി അറിയിച്ചു.
ഈ വർഷം മാത്രം 940 കോടി രൂപ കന്യാകുമാരി-തിരുവനന്തപുര പാത ഇരട്ടിപ്പിക്കലിന് നൽകിയതായി റെയിൽവേ നിർമാണ വിഭാഗം അറിയിച്ചു. കേരളത്തിന് ഇതിനകം അനുവദിച്ചിരിക്കുന്ന വിഹിതം റെക്കോർഡാണെന്നും അവർ കൂട്ടിച്ചേർത്തു
2026 മാർച്ചോടെ നേമം ടെർമിനലിന്റെ നിർമ്മാണവും, തിരുവനന്തപുരത്ത് നിന്ന് നേമം വരെ രണ്ടാം പാതയുടെ നിർമാണവും പൂർത്തിയാക്കി പ്രവർത്തനത്തിലാക്കാനാണ് റെയിൽവേയുടെ ലക്ഷ്യം