തിരുവനന്തപുരം: ബംഗാള്‍ ഉൾക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിലെ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. നേരത്തെ, ഒറ്റപ്പെട്ട രണ്ടു ജില്ലകളില്‍ മാത്രമാണ് ശക്തമായ മഴ ലഭിക്കുമെന്ന് പ്രവചിച്ചിരുന്നെങ്കിലും പുതുക്കിയ മുന്നറിയിപ്പില്‍ ആറു ജില്ലകളില്‍ കൂടി ശക്തമായ മഴയുടെ സാധ്യതക്കുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മാത്രമാണ്മുന്നറിയിപ്പ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ എല്ലാ ജില്ലകളിലും സാധ്യതകള്‍ വിലയിരുത്തപ്പെടുന്നു.
ബംഗാള്‍ ഉൾക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ബുധനാഴ്ചയോടെ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടര്‍ന്ന് വ്യാഴാഴ്ചയോടെ ഒഡിഷ- പശ്ചിമ ബംഗാള്‍ തീരത്ത് എത്തും. ഇതിന്റെ സ്വാധീനഫലമായി ഇരു സംസ്ഥാനങ്ങളിലും അതിതീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
എന്നാല്‍, ‘ദന’ എന്ന പേരിട്ട ഈ ചുഴലിക്കാറ്റ് കേരളത്തിന് വലിയ ഭീഷണി ഉയര്‍ത്തില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം, സംസ്ഥാനത്ത് തുലാവർഷത്തിന്റെ ഭാഗമായിട്ടുള്ള മഴയും തുടരും.





