തിരുവനന്തപുരം: സംസ്ഥാനത്തെ 62 ലക്ഷത്തോളം സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു മാസത്തെ പെൻഷൻ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 1600 രൂപ വീതം പെൻഷൻ ലഭിക്കുന്ന ഗുണഭോക്താക്കൾക്ക് ഈ ആഴ്ചയിൽതന്നെ തുക കൈമാറും. 26.62 ലക്ഷം പേർക്ക് തുക നേരിട്ട് ബാങ്ക് അക്കൗണ്ടിൽ ലഭിക്കും, ബാക്കിയുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തിച്ചുനൽകുമെന്ന് മന്ത്രി പറഞ്ഞു.
സർക്കാർ സാമ്പത്തിക വെല്ലുവിളികളെ മറികടന്ന് പ്രതിമാസ ക്ഷേമപെൻഷൻ വിതരണം ഉറപ്പാക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നും, കഴിഞ്ഞ ഓണത്തിനോടനുബന്ധിച്ച് മൂന്നു ഗഡു പെൻഷൻ നൽകി തീർത്തതായും അദ്ദേഹം വിശദീകരിച്ചു. 2023 ജൂലൈ മുതൽ കേന്ദ്ര സർക്കാരിന്റെ 375.57 കോടി രൂപ വിഹിതം കുടിശ്ശികയാണെങ്കിലും, പെൻഷൻ വിതരണത്തിൽ സംസ്ഥാന സർക്കാർ മുന്നിട്ടു നിന്നതായി മന്ത്രി കൂട്ടിച്ചേർത്തു.