ഒരു വർഷത്തിനിടെ ബിജെപിക്ക് 99 വോട്ടിന്റെ വർധന; എൽഡിഎഫ്–യുഡിഎഫ് കൂട്ടുകെട്ട് തെളിഞ്ഞു
തൃശൂർ: തളിക്കുളം ഉപതെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യുഡിഎഫ് വോട്ടുകൾ എൽഡിഎഫിന് മറിച്ചു നൽകിയെന്ന് ബിജെപി തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് ആരോപിച്ചു. എൽഡിഎഫും യുഡിഎഫും രണ്ടല്ല, ഒന്നാണെന്ന് തളിക്കുളം ഉപതെരഞ്ഞെടുപ്പ് തെളിയിച്ചിരിക്കുകയാണ്. ബിജെപിയുടെ മുന്നേറ്റം തടയാൻ ഇരുമുന്നണികളും കൈകോർക്കുന്നതിന്റെ തെളിവാണ് തളിക്കുളത്തെ തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.
2025-ലെ തെരഞ്ഞെടുപ്പിൽ 224 വോട്ട് നേടിയ യുഡിഎഫിന് 2026-ലെ ഉപതെരഞ്ഞെടുപ്പിൽ 152 വോട്ട് മാത്രമാണ് ലഭിച്ചത്. ഒരു വർഷത്തിനിടെ യുഡിഎഫിന്റെ വോട്ടിൽ 72 വോട്ടിന്റെ കുറവുണ്ടായി. ഇതേ കാലയളവിൽ എൽഡിഎഫിന്റെ വോട്ട് 354-ൽ നിന്ന് 477 ആയി ഉയർന്നു. യുഡിഎഫിന്റെ വോട്ടിലുണ്ടായ കുറവും എൽഡിഎഫിന്റെ വോട്ടിലുണ്ടായ വർധനയും ചൂണ്ടിക്കാട്ടിയ ജസ്റ്റിൻ ജേക്കബ്, ബിജെപിയെ പരാജയപ്പെടുത്താൻ യുഡിഎഫ് വോട്ടുകൾ എൽഡിഎഫിന് അനുകൂലമായി മറിച്ചു നൽകിയെന്നാണ് ആരോപിച്ചത്.
2025-ലെയും 2026-ലെയും വോട്ടുനില പരിശോധിക്കുമ്പോൾ ബിജെപിയുടെ വോട്ടിൽ 99 വോട്ടിന്റെ വർധനയുണ്ടായിട്ടുണ്ട്. 2025-ൽ 349 വോട്ട് നേടിയ ബിജെപി സ്ഥാനാർഥിക്ക് 2026-ൽ 448 വോട്ട് ലഭിച്ചു. ഒരു വർഷത്തിനിടെ ബിജെപി നടത്തിയ പ്രവർത്തനങ്ങൾക്കും ജനപിന്തുണയ്ക്കും ലഭിച്ച അംഗീകാരമാണ് ഈ മുന്നേറ്റമെന്ന് ജസ്റ്റിൻ ജേക്കബ് പറഞ്ഞു.
ടി.എൻ. പ്രതാപന്റെ സ്വന്തം വാർഡിൽ പോലും കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യുഡിഎഫ് സ്ഥാനാർഥിക്ക് 72 വോട്ട് കുറഞ്ഞത് കോൺഗ്രസ് ഗൗരവമായി പരിശോധിക്കണം. വോട്ടുചോർച്ച എസ്.ഐ.ആർ. നടപ്പാക്കിയതുകൊണ്ടാണെന്ന് ആരോപിക്കുന്നതിന് പകരം സ്വന്തം പ്രവർത്തകർക്കിടയിൽ നിന്നുതന്നെ വോട്ടുകൾ ചോരുന്നുണ്ടോയെന്ന് കോൺഗ്രസ് ആത്മപരിശോധന നടത്തണം. യുഡിഎഫ് വോട്ടുകൾ മറിച്ചുനൽകിയില്ലായിരുന്നെങ്കിൽ ബിജെപിയുടെ വിജയം ഉറപ്പാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തളിക്കുളത്ത് ബിജെപി നേടിയ വോട്ടുവർധന വരാനിരിക്കുന്ന രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണ്. എൽഡിഎഫും യുഡിഎഫും ചേർന്നുള്ള രാഷ്ട്രീയ നീക്കങ്ങളെ അതിജീവിച്ച് വരുംനാളുകളിൽ തളിക്കുളം പഞ്ചായത്തിൽ ബിജെപി അധികാരത്തിലെത്തുമെന്നും ജസ്റ്റിൻ ജേക്കബ് പ്രസ്താവനയിൽ പറഞ്ഞു.





