
തൃശൂർ: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി അട്ടിമറിക്കുന്ന കേരള സർക്കാരിന്റെ കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കുക, കുടിശ്ശികയിൽ അകപ്പെട്ട കർഷകരുടെ ബാധ്യതകൾ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബിജെപി കർഷക മോർച്ച തൃശൂർ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.
കർഷകരുടെ വരുമാനം വർധിപ്പിക്കുകയും കാർഷിക മേഖലയുടെ വികസനം ഉറപ്പാക്കുകയും ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ നടപ്പാക്കുന്ന പദ്ധതികൾ കേരളത്തിൽ അർഹരായ കർഷകർക്ക് ലഭിക്കാത്ത സാഹചര്യം അവസാനിപ്പിക്കണമെന്ന് ധർണ ഉദ്ഘാടനം ചെയ്ത കർഷക മോർച്ച ജില്ലാ പ്രസിഡന്റ് എ.ജി. രാജേഷ് ആവശ്യപ്പെട്ടു. കർഷകരുടെ പ്രശ്നങ്ങളിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കുടിശ്ശികയിൽപ്പെട്ട കർഷകർക്ക് നീതി ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കർഷക മോർച്ച തൃശൂർ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് ആദിപ് കൃഷ്ണ അധ്യക്ഷത വഹിച്ചു. ബിജെപി തൃശൂർ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് വിപിൻ ഐനിക്കുന്നത്ത്, ബിജെപി ജില്ലാ സെക്രട്ടറി മുരളി കോളങ്ങാട്ട്, കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സുശാന്ത് ഐനിക്കുന്നത്ത്, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് ഫെബിൻ ഫ്രാൻസിസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആന്റണി പാലത്തിങ്കൽ, തിമോത്തി വടക്കൻ, ഈസ്റ്റ് മണ്ഡലം ജനറൽ സെക്രട്ടറിമാരായ നിമിഷ് പള്ളിശ്ശേരി, പ്രിയ അനിൽ, കർഷക മോർച്ച ഈസ്റ്റ് മണ്ഡലം വൈസ് പ്രസിഡന്റ് ഗോപി, ഈസ്റ്റ് മണ്ഡലം മഹിളാ മോർച്ച വൈസ് പ്രസിഡന്റ് ഗിരിജ എന്നിവർ നേതൃത്വം നൽകി.




