തൃശൂർ: പൂരം വെടിക്കെട്ടിന് പ്രതിസന്ധിയുണ്ടെന്ന പ്രചരണം അടിസ്ഥാന രഹിതമെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ.കെ.കെ.അനീഷ് കുമാർ. വെടിമരുന്ന് സംഭരണശാലയും വെടിക്കെട്ട് നടക്കുന്ന സ്ഥലവും തമ്മിലുള്ള അകലത്തിന് പൊതുവായ മാർഗനിർദ്ദേശം നല്കുക മാത്രമാണ് കേന്ദ്രം ചെയ്തിട്ടുള്ളത്.പുറ്റിങ്ങൽ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ വിദഗ്ധരുടെ നിർദ്ദേശങ്ങൾ സ്വീകരിച്ച് തയ്യാറാക്കിയ മാർഗനിർദ്ദേശങ്ങളാണിത്. അപകടകരമായ രീതിയിൽ സംഭരണശാലക്ക് തൊട്ടടുത്ത് വെടിക്കെട്ട് നടക്കുന്നയിടങ്ങളിൽ മനുഷ്യ ജീവൻ്റെ സുരക്ഷ ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. മറിച്ചുള്ള പ്രചരണങ്ങൾ രാഷ്ട്രീയമായ ദുരുദ്ദേശത്തോടെയുള്ളതാണ്.തൃശൂർ പൂരത്തിൻ്റെ കാര്യത്തിൽ ഒരു പ്രതിസന്ധിയുമുണ്ടാകില്ല. പൂരത്തിന് വ്യവസ്ഥയിൽ ഇളവ് ലഭിക്കാൻ കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രത്യേക താത്പര്യമെടുത്ത് സർക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ബിജെപി നേതൃത്വവും കേന്ദ്ര സർക്കാരിനെ കാര്യങ്ങൾ ധരിപ്പിക്കും. തൃശൂർ പൂരത്തിൻ്റെ വെടിക്കെട്ട് ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് മുൻകാലങ്ങളിലും ഇങ്ങനെ ഇളവുകൾ ലഭിച്ചിട്ടുണ്ട്. എക്കാലവും തടസങ്ങൾ സൃഷ്ടിച്ചവരാണ് ഇപ്പോൾ സദുദ്ദേശ്യത്തോടെ കൊണ്ടുവന്ന നിയമത്തെ രാഷ്ട്രീയ ആയുധമാക്കുന്നതെന്നും അനീഷ്കുമാർ പറഞ്ഞു.





