ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാനുള്ള കേരള ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടൽ നടത്താതെ സുപ്രീംകോടതി. കേസ് സ്റ്റേ ചെയ്യണമെന്ന സംവിധായകൻ സജിമോൻ പാറയിലിന്റെ ഹർജി നിരസിച്ച കോടതി, സംസ്ഥാന സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു.
ഹര്‍ജി നവംബർ 19ന് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ജസ്റ്റിസുമാരായ വിക്രം നാഥ്, പി.ബി. വരാലെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഹേമ കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമപരമായ രീതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാകുമെന്ന് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നതും, അതിജീവിതമാർ മൊഴി നൽകാൻ തയാറല്ലെങ്കിൽ ബലപ്രയോഗം ചെയ്യരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു.