Kerala News

മുന്‍ മന്ത്രി എം.ടി. പത്മ അന്തരിച്ചു

മുംബൈ: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം.ടി. പത്മ അന്തരിച്ചു. 81 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി മകള്‍ക്കൊപ്പം മുംബൈയിലായിരുന്നു താമസം. ബുധനാഴ്ച പത്മയുടെ മൃതദേഹം കോഴിക്കോട്ടെത്തിക്കും.

1991-ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ ഫിഷറീസ്, ഗ്രാമവികസന, രജിസ്ട്രേഷന്‍ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 1987-ല്‍ കോയിലാണ്ടി നിയമസഭാ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പത്മ, 1991-ല്‍ വീണ്ടും ആ മണ്ഡലത്തില്‍ വിജയിച്ചു. കേരളത്തിലെ മൂന്നാമത്തെ വനിതാമന്ത്രിയായിരുന്നു എം. ടി. പത്മ.

നിയമത്തില്‍ ബിരുദവും ആര്‍ട്ട്‌സില്‍ ബിരുദാനന്തരബിരുദവും നേടിയ പത്മയുടെ രാഷ്ട്രീയ പ്രവേശനം കെ.എസ്. യുവിൽ കൂടിയാണ്. കെ.എസ്. യു സംസ്ഥാന വൈസ് പ്രസിഡന്റ്, കെ.പി.സി.സി അംഗം, മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, കോഴിക്കോട് ഡി.സി.സി. സെക്രട്ടറി, ട്രഷറര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 1999-ല്‍ പാലക്കാട്, 2004-ല്‍ വടകരയില്‍ ലോക്‌സഭയിലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

കെ. കരുണാകരന്‍ ഡിഐസി രൂപീകരിച്ചപ്പോള്‍ അതിലേക്കു പോയ പത്മ പിന്നീട് കോണ്‍ഗ്രസില്‍ തിരിച്ചു വന്നു. 2013-ല്‍ കോഴിക്കോട് കോര്‍പറേഷനിലേക്കു കോണ്‍ഗ്രസ് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *