കോഴിക്കോട്: കേരള നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും സാമൂഹിക മാധ്യമങ്ങളില്‍ നല്‍കുന്ന പ്രചാരണ വിഡിയോകള്‍ക്കും രാഷ്ട്രീയ പരസ്യങ്ങള്‍ക്കും ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി) യില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗാണ് ഇക്കാര്യം അറിയിച്ചത്. എഐ നിര്‍മിത വീഡിയോകള്‍, എഡിറ്റഡ് വീഡിയോകള്‍, രാഷ്ട്രീയ പരസ്യങ്ങള്‍ തുടങ്ങിയവയ്ക്ക് പ്രീ സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണ്. എംസിഎംസി സര്‍ട്ടിഫിക്കേഷനില്ലാതെ പ്രസിദ്ധീകരിക്കുന്ന ഇത്തരം പ്രചാരണ ക്രിയേറ്റീവുകള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് കെട്ടിടത്തിൻ്റെ താഴെ നിലയിലെ വെര്‍ച്വല്‍ ക്ലാസ് റൂമില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ സെല്ലില്‍ നിന്നും എംസിഎംസി സര്‍ട്ടിഫിക്കേഷന്‍ ലഭിക്കും. രജിസ്റ്റര്‍ ചെയ്ത ദേശീയ, സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികള്‍, രജിസ്റ്റര്‍ ചെയ്യാത്ത പാര്‍ട്ടികള്‍, സ്ഥാനാര്‍ത്ഥികള്‍, വ്യക്തികള്‍ എന്നിവര്‍ ടെലിവിഷന്‍ ചാനലുകളിലോ റേഡിയോയിലോ കേബിള്‍ നെറ്റ്‌വര്‍ക്കുകളിലോ സിനിമാ ഹാളുകളിലോ വീഡിയോ വാളുകളിലോ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നല്‍കുന്ന പരസ്യങ്ങള്‍ക്കും മുന്‍കൂര്‍ അനുമതി ആവശ്യമാണ്. അച്ചടി മാധ്യമങ്ങളില്‍ തിരഞ്ഞെടുപ്പ് ദിവസവും തലേന്നും നല്‍കുന്ന പരസ്യങ്ങള്‍ക്കു മാത്രമേ അനുമതി ആവശ്യമുള്ളൂ. എന്നാൽ ഇ-പേപ്പറുകളില്‍ അതിനു മുമ്പ് നല്‍കുന്ന പരസ്യങ്ങള്‍ക്കും സര്‍ട്ടിഫിക്കേഷന്‍ വേണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.





