രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ ഹർത്താൽ
വയനാട്: ചൂരല്‍മല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് പുനരധിവാസ വിഷയത്തിൽ നവംബർ 19-ന് വയനാട്ടിൽ എൽഡിഎഫും യുഡിഎഫും ഹർത്താൽ പ്രഖ്യാപിച്ചു. ഹർത്താൽ രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ തുടരും.
കേന്ദ്ര-സംസ്ഥാന സർക്കാരുകളെതിരെ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്യുമ്പോൾ, കേന്ദ്രസഹായം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
പുനരധിവാസം നീളുന്നത് കൈയും കെട്ടി നോക്കിയിരിക്കാനാവില്ലെന്ന് എംഎൽഎ ടി. സിദ്ദിഖ് അഭിപ്രായപ്പെട്ടു. കേന്ദ്രസർക്കാരിന്റെ സമീപനം നിഷേധാത്മകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻപ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഈ വിഷയം ഉന്നയിച്ചിരുന്നു. പ്രളയ ദുരിതത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനുശേഷം സഹായം നൽകുമെന്ന പ്രഖ്യാപനം ഉണ്ടായെങ്കിലും, മൂന്ന് മാസമായിട്ടും സഹായം ലഭ്യമാക്കിയിട്ടില്ല. കേന്ദ്രസർക്കാർ സംസ്ഥാനത്തിന്റെ പൊതുതാത്പര്യങ്ങൾ അവഗണിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ദുരന്തബാധിതരുടെ പുനരധിവാസവും വായ്പകൾ എഴുതിതള്ളുന്നതും ദേശീയ ദുരന്തമായി പ്രഖ്യാപനവും ഉള്‍പ്പെടെ ആവശ്യങ്ങളിൽ കേന്ദ്രസർക്കാർ പ്രതികരിക്കാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കുമെന്ന് ഗോവിന്ദൻ കൂട്ടിച്ചേർത്തു.