Kerala News

ഒറ്റപ്പെട്ട ശക്തമായ മഴക്കും ഉയർന്ന ചൂടിനും മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചിലയിടങ്ങളില്‍ ഇടിമിന്നലോടും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

വടക്കന്‍ കേരളത്തില്‍ ഇന്നു മുതല്‍ മഴ കനക്കുമെന്നാണ് പ്രവചനം. ഇന്ന് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ വയനാട്, കണ്ണൂര്‍ ജില്ലകളിലും, ബുധനാഴ്ച മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

സംസ്ഥാനത്ത് പകല്‍ താപനിലയും ഉയരുമെന്ന് മുന്നറിയിപ്പുണ്ട്. കൊല്ലം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെ, മറ്റുള്ള ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള അന്തരീക്ഷവായുവും കാരണം മലയോര മേഖലയൊഴികെ പല ഭാഗങ്ങളിലും ചൂടും അസ്വസ്ഥതയും അനുഭവപ്പെടാനാണ് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *