
തൃശൂർ: ഫേസ്ബുക്ക് പോസ്റ്റിലൂടെ തനിക്കെതിരെ വ്യാജവും അപകീർത്തികരവുമായ ആരോപണങ്ങൾ ഉന്നയിച്ചെന്നാരോപിച്ച് വ്യവസായി ഗോകുലം ഗോപാലൻ, തുഷാർ വെള്ളാപ്പള്ളിക്കെതിരെ തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകി.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 223-ാം വകുപ്പ് പ്രകാരം തുഷാർ വെള്ളാപ്പള്ളിയെ പ്രതി ചേർത്താണ് പരാതി സമർപ്പിച്ചിരിക്കുന്നത്. ശ്രീനാരായണ ധർമ്മപരിപാലന യോഗത്തിൻ്റെ വൈസ് പ്രസിഡൻ്റും ഭാരത് ധർമ്മ ജനസേനയുടെ സംസ്ഥാന പ്രസിഡൻ്റുമാണ് തുഷാർ വെള്ളാപ്പള്ളി.
2026 ഓഗസ്റ്റ് 12ന് തുഷാർ വെള്ളാപ്പള്ളി കൈകാര്യം ചെയ്യുന്ന ഫേസ്ബുക്ക് പേജിൽ ഗോകുലം ഗോപാലനെക്കുറിച്ച് വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് പോസ്റ്റ് പ്രസിദ്ധീകരിച്ചെന്നാണ് പരാതിയിലെ ആരോപണം. പോസ്റ്റ് തുഷാറിൻ്റെ അനുയായികൾ വ്യാപകമായി ഷെയർ ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതായും പരാതിയിൽ പറയുന്നു.
ഓഗസ്റ്റ് 14ന് ശ്രീഗോകുലം ചിറ്റ് ആൻഡ് ഫിനാൻസ് കമ്പനിയുടെ തൃശൂർ റീജിയണൽ ഓഫീസിൽ കണക്കുകൾ പരിശോധിക്കുന്നതിനിടെ സ്ഥാപനത്തിലെ അസിസ്റ്റൻ്റ് ജനറൽ മാനേജർ സജീവനും സെക്രട്ടറി വിദ്യാസംഗീതും ഫേസ്ബുക്ക് പോസ്റ്റ് കാണിച്ചുകൊടുക്കുകയായിരുന്നുവെന്ന് ഗോകുലം ഗോപാലൻ പരാതിയിൽ പറയുന്നു. തുടർന്ന് സഹപ്രവർത്തകരോടൊപ്പം പോസ്റ്റ് പൂർണമായി കണ്ടതായും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
എസ്എൻഡിപി യോഗത്തിനെതിരെ ഗോകുലം ഗോപാലൻ കേസുകൾ നൽകിയിട്ടുണ്ടെന്ന തരത്തിൽ തുഷാർ വെള്ളാപ്പള്ളി ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചെന്നാണ് പരാതിയിലെ പ്രധാന ആരോപണം. എന്നാൽ എസ്എൻഡിപി യോഗവുമായി ബന്ധപ്പെട്ട് താൻ ഒരു കേസും നൽകിയിട്ടില്ലെന്നാണ് ഗോകുലം ഗോപാലൻ്റെ വാദം.
തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതവും തൻ്റെ വ്യക്തിപരമായും ബിസിനസ് രംഗത്തുമുള്ള പ്രതിച്ഛായയെ ബാധിക്കുന്നതുമാണെന്നും ഗോകുലം ഗോപാലൻ പരാതിയിൽ ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെ നടത്തിയ പരാമർശങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് കോടതിയോട് ഗോകുലം ഗോപാലൻ ആവശ്യപ്പെട്ടിരിക്കുന്നത്.




