
പശ്ചിമേഷ്യയിലെ സംഘർഷം ശക്തമാകുന്നതിനിടെ ആഗോള എണ്ണവില നാല് വർഷത്തിനിടെ ആദ്യമായി 100 ഡോളർ കടന്നു. ഹോർമുസ് കടലിടുക്ക് വഴി എണ്ണവിതരണം തടസ്സപ്പെട്ടതും പശ്ചിമേഷ്യയിലെ പ്രധാന എണ്ണ ഉൽപാദക രാജ്യങ്ങൾ ഉൽപാദനം കുറച്ചതുമാണ് ക്രൂഡ് ഓയിൽ വില കുതിക്കാൻ പ്രധാന കാരണം.
ബ്രെന്റ് ക്രൂഡ് എണ്ണവില ബാരലിന് 110 ഡോളറിലെത്തി. വെള്ളിയാഴ്ച 92 ഡോളറിൽ വ്യാപാരം അവസാനിപ്പിച്ച ബ്രെന്റ് ക്രൂഡിന് 18.03 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. അതേസമയം, യു.എസ് എണ്ണയായ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡിന്റെ വില ബാരലിന് 20.23 ശതമാനം ഉയർന്ന് 110.40 ഡോളറിലെത്തി. 2022-ൽ റഷ്യ യുക്രൈൻ അധിനിവേശം നടത്തിയതിന് ശേഷം ആദ്യമായാണ് എണ്ണവില 100 ഡോളർ കടക്കുന്നത്.
ഹോർമുസ് കടലിടുക്ക് വഴിയാണ് ലോകത്തെ എണ്ണവിതരണത്തിന്റെ ഏകദേശം 20 ശതമാനം കടന്നുപോകുന്നത്. ദിവസേന ഏകദേശം 15 മില്യൺ ബാരൽ എണ്ണയാണ് പശ്ചിമേഷ്യയിൽ നിന്ന് ഇതുവഴി ഗതാഗതം ചെയ്യുന്നത്. ഇറാന്റെ ഭീഷണിയെ തുടർന്ന് ഈ കടലിടുക്ക് വഴിയുള്ള എണ്ണവിതരണം ഏതാണ്ട് നിലച്ച അവസ്ഥയിലാണ്.
ഇറാഖ്, കുവൈത്ത്, യു.എ.ഇ എന്നീ രാജ്യങ്ങൾ സംഭരണ ശേഷി കുറഞ്ഞതിനെ തുടർന്ന് എണ്ണ ഉൽപാദനം കുറച്ചതും വില ഉയരാൻ കാരണമായി. പ്രധാന എണ്ണ വിതരണക്കാരായ സൗദി അറേബ്യ ചെങ്കടൽ വഴിയുള്ള വിതരണം വർധിപ്പിച്ചിട്ടുണ്ടെങ്കിലും ഹോർമുസ് കടലിടുക്കിലെ വിതരണക്കുറവ് പൂർണമായി പരിഹരിക്കാൻ കഴിയുന്നില്ല.
അതേസമയം, ഇറാൻ, ഇസ്രയേൽ, യു.എസ് എന്നീ രാജ്യങ്ങൾ തമ്മിലുള്ള ആക്രമണങ്ങളും ആശങ്ക വർധിപ്പിക്കുന്നു. ഇറാനിലെ റിഫൈനറികളിൽ ഇസ്രയേൽ നടത്തിയ വലിയ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിലെ ഹൈഫ ബേയിലെ ബസാൻ ഗ്രൂപ്പ് എണ്ണ ശുദ്ധീകരണശാല ഇറാന്റെ ഐആർജിസി ആക്രമിച്ചതായി റിപ്പോർട്ടുണ്ട്. ഗൾഫ് മേഖലയിലെ റിഫൈനറികളിലും ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതായി സൂചനകളുണ്ട്.
ആഗോള എണ്ണവില ഉയർന്നതിനെ തുടർന്ന് ഏഷ്യൻ ഓഹരി വിപണികൾ ഇടിവ് രേഖപ്പെടുത്തി. ജപ്പാന്റെ നിക്കി സൂചിക 6.22 ശതമാനവും ദക്ഷിണകൊറിയയിലെ കോസ്പി സൂചിക 6.68 ശതമാനവും ഇടിഞ്ഞു.
എണ്ണവില ഉയരുന്ന സാഹചര്യം ആഗോള സമ്പദ്‌വ്യവസ്ഥയിലും വിപണികളിലും കൂടുതൽ അനിശ്ചിതത്വം സൃഷ്ടിക്കുമെന്ന ആശങ്ക വിദഗ്ധർ മുന്നോട്ടുവെക്കുന്നു.





