Kerala News

ശബരിമലയിൽ റോപ് വേ പദ്ധതി യാഥാർഥ്യമാകുന്നു; പമ്പയിൽ നിന്ന് സന്നിധാനം വരെ എത്താൻ ഇനി പത്ത് മിനിറ്റ്

പത്തനംതിട്ട: ദീർഘകാലം നീണ്ട അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് ശബരിമലയിൽ റോപ് വേ പദ്ധതി യാഥാർഥ്യമാകുന്നു. വനംവകുപ്പുമായി ബന്ധപ്പെട്ട തര്ക്കങ്ങളും ഏറ്റെടുക്കേണ്ട വനഭൂമിക്ക് പകരം ഭൂമി നൽകലും പരിഹരിച്ചാണ് സർക്കാർ ഈ നിർണായക പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.

റോപ് വേ നിർമാണത്തിനായി ആവശ്യമായ 4.5336 ഹെക്ടർ വനഭൂമിക്ക് പകരം കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിലെ കുളത്തൂപ്പുഴ വില്ലേജിൽ 4.5336 ഹെക്ടർ റവന്യൂ ഭൂമിയുടെ ഉടമസ്ഥാവകാശം വനംവകുപ്പിന് നൽകുന്നതിനുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ജില്ലാ കലക്ടറോട് ഇതിനുള്ള നടപടി ഉടൻ സ്വീകരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

ഹില്‍ടോപ്പില്‍ നിന്ന് സന്നിധാനം പൊലീസ് ബാരക്കിന് സമീപം വരെ ബിഒടി വ്യവസ്ഥയിൽ നിർമിക്കുന്ന റോപ് വേയുടെ നീളം 2.7 കിലോമീറ്ററാണ്. പമ്പയിൽ നിന്ന് സന്നിധാനത്ത് എത്താൻ ഇനി പത്ത് മിനിറ്റ് മാത്രമേ എടുക്കൂ. ദേവസ്വം മന്ത്രി വി എൻ വാസവൻ പ്രഖ്യാപിച്ചതുപോലെ ഈ തീർത്ഥാടനകാലത്തുതന്നെ പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങുകൾ ആരംഭിക്കും.

സാധന സാമഗ്രികൾ കൂടുതൽ ചെലവുകുറച്ചും എളുപ്പത്തിലും സന്നിധാനത്ത് എത്തിക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ രോഗികൾക്കായി ആംബുലൻസായി ഉപയോഗിക്കുന്നതിനുമുള്ള സംവിധാനങ്ങൾ റോപ് വേയിലൂടെ പ്രാപ്തമാക്കാനാണ് ഉദ്ദേശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *