കൊല്ലം: രാജ്യത്തെ ആദ്യത്തെ 24 മണിക്കൂർ പ്രവർത്തിക്കുന്ന ഓൺലൈൻ കോടതി കൊല്ലത്ത് പ്രവർത്തനം ആരംഭിച്ചു. നെഗോഷിയബിൾ ഇൻസ്ട്രുമെന്റ് നിയമപ്രകാരം ഫയൽ ചെയ്യേണ്ട ചെക്ക് മുടങ്ങിയ കേസുകളാണ് ഈ പുതിയ കോടതി പരിഗണിക്കുക.
കോടതിയിൽ ഒരു മജിസ്ട്രേറ്റും മൂന്ന് ജീവനക്കാരുമാണ് സേവനം നൽകുക. പേപ്പർ രീതി ഒഴിവാക്കി, കേസുകൾ ഓൺലൈനായി മാത്രം ഫയൽ ചെയ്യാൻ സാധിക്കും. ഏതുസമയത്തും, എവിടെയിരുന്നും, നിശ്ചിത ഫോറം ഓൺലൈനായി സമർപ്പിച്ച് കേസുകൾ ഫയൽ ചെയ്യാം.
കോടതിയുടെ എല്ലാ നടപടിക്രമങ്ങളും ഓൺലൈനായാണ് നടക്കുക. പ്രതികൾക്ക് സമൻസ് അവരുടെ പൊലിസ് സ്റ്റേഷനുകളിൽ ഓൺലൈനായി ലഭ്യമാക്കും. ജാമ്യാപേക്ഷയും മറ്റ് നടപടികളും ഓൺലൈനായി ഫയൽ ചെയ്ത് നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ പ്രതിക്കും ജാമ്യക്കാര്‍ക്കും സൗകര്യപ്രദമാണ്.
ഇ-പെയ്മെന്റ് വഴിയാണ് കോടതിയിൽ ഫീസ് അടക്കാൻ സംവിധാനം. കക്ഷികൾക്കും അഭിഭാഷകർക്കും നേരിട്ട് പങ്കെടുക്കാനുള്ള സൗകര്യവും എല്ലായ്പ്പോഴും കേസിന്റെ പുരോഗതി പരിശോധിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.