കൊച്ചി: ശബരിമല പതിനെട്ടാം പടിയിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോയെടുത്ത സംഭവത്തിൽ ഹൈക്കോടതി രൂക്ഷ വിമർശനം രേഖപ്പെടുത്തി. ഇത്തരം സംഭവങ്ങൾ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
തീർഥാടന സ്ഥലത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം പ്രസംസനീയമായിരുന്നുവെങ്കിലും, ഇത്തരം ഫോട്ടോഷൂട്ട് നടപടികൾ ദൈവീക സ്ഥലം നൽകിയ പ്രാധാന്യത്തെ നിഷേധിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
സന്നിധാനത്ത് മൊബൈൽ ഫോണുകൾ ഉപയോഗിച്ച് ചിത്രം എടുക്കുന്ന വിഷയത്തിൽ എക്സിക്യൂട്ടീവ് ഓഫീസർ റിപ്പോർട്ട് സമർപ്പിക്കണമെന്നും ദേവസ്വം ബഞ്ച് നിർദേശിച്ചു. കൂടാതെ, തീർഥാടകരിൽ നിന്ന് ഭക്ഷണത്തിന് അധിക തുക ഈടാക്കുന്ന കടകളുടെ പരിശോധനയും നടപടിയും ആവശ്യപ്പെട്ടു.
ഫോട്ടോഷൂട്ട് വിവാദത്തിന്റെ പശ്ചാത്തലത്തിൽ എഡിജിപി ഇടപെട്ടു, സന്നിധാനം സ്പെഷ്യൽ ഓഫീസറോട് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വലിയ വിവാദമായതോടെയാണ് നടപടി.