ഗുരുവായൂർ ക്ഷേത്രത്തിലെ വൃശ്ചിക മാസ ഏകാദശി ദിനത്തിലെ ഉദയാസ്തമന പൂജ മാറ്റിയതിനെതിരായ ഹർജിയിൽ, സുപ്രീം കോടതി ദേവസ്വം ബോർഡിന് നോട്ടീസ് അയച്ചു. ജസ്റ്റിസ് ജെ.കെ. മഹേശ്വരി അധ്യക്ഷനായ ബെഞ്ച്, തിരക്ക് നിയന്ത്രണത്തിന്റെ പേരിൽ പൂജകളിൽ മാറ്റം വരുത്തുന്നത് ആചാരങ്ങൾ ലംഘിക്കുന്നതാണെന്ന് നിരീക്ഷിച്ചു.
തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പൂജാ സമയം മാറ്റാൻ തന്ത്രിക്ക് അധികാരമുണ്ടോ എന്നും കോടതി ചോദിച്ചു. ഭഗവാനു സമർപ്പിച്ച പൂജകളിൽ മാറ്റം വരുത്താനുള്ള അവകാശം ആര്ക്കും ഇല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
തന്ത്രി കുടുംബം സമർപ്പിച്ച ഹർജിയിൽ, വൃശ്ചിക ഏകാദശി ദിനത്തിലെ ഉദയാസ്തമന പൂജ നയപരമായ തീരുമാനങ്ങളുടെ പേരിൽ മാറ്റുന്നത് ദേവതയുടെ ഹിതത്തിനെതിരാണെന്നും, ഇത് ക്ഷേത്രത്തിന്റെ ചൈതന്യത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി. കൂടാതെ, അത്തരം മാറ്റങ്ങൾക്ക് അഷ്ടമംഗല്യ പ്രശ്നം നടത്തണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു.