തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര ഘട്ടത്തിൽ യാത്രക്കാരുടെ തിരക്ക് കൈകാര്യം ചെയ്യാൻ കെഎസ്ആർടിസി അധിക സർവീസുകൾ ആരംഭിക്കുന്നു. ബംഗളൂരു, ചെന്നൈ, മൈസൂരു തുടങ്ങിയ നഗരങ്ങളിലേക്കുള്ള 48 സ്ഥിരം സർവീസുകൾക്ക് പുറമേ 38 ബസുകൾ കൂടി സർവീസിനായി അനുവദിച്ചു. 34 ബസുകൾ ബംഗളൂരുവിലേക്കും 4 ബസുകൾ ചെന്നൈയിലേക്കും സർവീസ് നടത്തും.
ശബരിമല സ്പെഷൽ സർവീസുകൾ കൂടാതെ, പുതിയ ബസുകൾ തിരക്ക് നിയന്ത്രിക്കുന്നതിൽ സഹായിക്കും. യാത്രക്കാർക്ക് കെഎസ്ആർടിസി വെബ്സൈറ്റ് വഴിയും മൊബൈൽ ആപ് മുഖേനയും ടിക്കറ്റുകൾ റിസർവ് ചെയ്യാം.
കേരളത്തിനുള്ളിലെ യാത്രാ തിരക്ക് നിയന്ത്രിക്കാൻ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ റൂട്ടുകളിലും അധിക സർവീസുകൾ സജ്ജമാക്കാൻ മന്ത്രി ഗണേഷ് കുമാർ നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി 24 ബസുകൾ കൂടി ക്രമീകരിക്കും.
തിരുവനന്തപുരത്ത് നിന്നും കണ്ണൂർ, കോഴിക്കോട് റൂട്ടുകളിൽ 4 ലോഫ്ലോർ, 4 മിന്നൽ, 3 ഡീലക്സ്, 5 സൂപ്പർഫാസ്റ്റ് ബസുകൾ അടക്കം 16 ബസുകൾ അഡീഷണൽ സർവീസ് നടത്തും.
പ്രധാന റൂട്ടുകൾ:
കൊട്ടാരക്കര – കോഴിക്കോട്
അടൂർ – കോഴിക്കോട്
കുമളി – കോഴിക്കോട്
എറണാകുളം – കണ്ണൂർ
എറണാകുളം – കോഴിക്കോട്
കൊല്ലം, കൊട്ടാരക്കര, കോട്ടയം, തൃശൂർ, കോഴിക്കോട് ഡിപ്പോകളിൽ നിന്നും തിരക്ക് അനുസരിച്ച് ഫാസ്റ്റ് പാസഞ്ചർ സർവീസുകളും ക്രമീകരിക്കുന്നതായും കെഎസ്ആർടിസി അറിയിച്ചു.