Kerala News

കരുതലും കൈത്താങ്ങും : സാധാരണക്കാർക്ക് നീതി ലഭ്യമാക്കുക സർക്കാർ നയം: മന്ത്രി വി.ശിവൻകുട്ടി

  • വർക്കല താലൂക്ക് അദാലത്ത് മന്ത്രി ഉദ്ഘാടനം ചെയ്തു
  • സർക്കാർ ജനങ്ങൾക്കൊപ്പമെന്ന് മന്ത്രി ജി.ആർ അനിൽ

സാധാരണക്കാർക്ക് നീതി ലഭ്യമാക്കുന്നതിനുള്ള സർക്കാർ നയമാണ് കരുതലും കൈത്താങ്ങും അദാലത്തെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. വർക്കല താലൂക്ക് അദാലത്ത് വർക്കല എസ്.എൻ കോളേജിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ജനകേന്ദ്രീകൃതവും സുതാര്യമായ ഭരണസംവിധാനത്തെക്കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടാണ് അദാലത്തുകളിൽ ഉൾക്കൊള്ളുന്നത്. ജനങ്ങളുടെ ആശങ്കകൾക്ക് ഫലപ്രദമായ പരിഹാരം ഉറപ്പാക്കുന്നതിനൊപ്പം ഭരണസംവിധാനത്തെ ജനങ്ങളുമായി കൂടുതൽ അടുപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പരാതിപരിഹാരം ഭരണത്തിന്റെ ആണിക്കല്ലാണെന്നും അദാലത്തുകൾ ജനങ്ങളുടെ പ്രശ്‌നങ്ങളെ ആത്മാർത്ഥതയോടെ അഭിസംബോധന ചെയ്യുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

അപേക്ഷകൾക്ക് സാധ്യമായ പരിഹാരം അതിവേഗം കണ്ടെത്തുന്നതിന് ഉദ്യോഗസ്ഥർ നടത്തിയ പരിശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും അനുകമ്പയോടെയും കാര്യക്ഷമതയോടെയും ഉത്തരവാദിത്തത്തോടെയും ജനങ്ങളുടെ പ്രശ്‌നപരിഹാരത്തിന് ഒരുമിച്ച് പരിശ്രമിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ മുഖ്യപ്രഭാഷണം നടത്തി. പലരൂപത്തിൽ പിന്തള്ളപ്പെടുന്ന കുടുംബങ്ങളെ സമൂഹത്തിന്റെ മുൻനിരയിലെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സർക്കാരും ഉദ്യോഗസ്ഥരുമുൾപ്പെടുന്ന ഭരണസംവിധാനവും ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരവുമായി അദാലത്തിലൂടെ അടുത്തെത്തുകയാണെന്നും, ഈ അവസരങ്ങൾ ജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അറിയിച്ചു.

വി.ജോയി എം.എൽ.എ അധ്യക്ഷനായിരുന്നു.  സാധാരണക്കാരെ സംബന്ധിച്ച് ആശ്വാസകരമാകുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ജനങ്ങളുടെ അപേക്ഷകളിൽ സമയബന്ധിതമായി പരിഹാരം കണ്ടെത്തുകയാണ് സർക്കാരെന്നും എം.എൽ.എ പറഞ്ഞു.

ഒ.എസ് അംബിക എം.എൽ.എ വിശിഷ്ടാതിഥി ആയിരുന്നു. വർക്കല മുൻസിപ്പൽ ചെയർമാൻ കെ.എം ലാജി, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ, കിളിമാനൂർ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ബി.പി മുരളി, ജില്ലാ പഞ്ചായത്തംഗങ്ങളായ ഗീതാനസീർ, ബേബി സുധ, ജില്ലാ കളക്ടർ അനു കുമാരി, ഡെപ്യൂട്ടി കളക്ടർ ചെറുപുഷ്പ ജ്യോതി എന്നിവരും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *