തിരുവനന്തപുരം: 8, 9, 10, 11 ക്ലാസുകളിലെ ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഡിജിപിക്ക് പരാതി നൽകിയതായി വെള്ളിയാഴ്ച അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിക്കും. ചോദ്യപേപ്പറിലെ ചോദ്യങ്ങളുടെ മാതൃക അതേപടി യൂട്യൂബ് ചാനലില്‍ വന്നെന്നാണ് കണ്ടെത്തല്‍. പരീക്ഷയുടെ തലേദിവസം യൂട്യൂബ് ചാനലില്‍ വന്ന ചോദ്യങ്ങളുടെ മാതൃക നിരവധി വിദ്യാര്‍ഥികളാണ് കണ്ടത്. ഈ മാതൃക ആരോ ചോര്‍ത്തി നല്‍കിയതാണ് എന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍.
ഗൂഢാലോചന നടത്തിയവരെ കണ്ടെത്തുന്നതിനും, ചോർച്ചയ്ക്ക് പിന്നിലുള്ളവർക്കെതിരെ നടപടി സ്വീകരിക്കുന്നതിനും പൊതുവിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ താമരശേരിയിലടക്കം ലോക്കൽ പൊലീസ് അന്വേഷണം തുടരുന്നു, ഈ വിവരങ്ങൾ ക്രൈംബ്രാഞ്ച് വിശദമായി വിലയിരുത്തും.