Kerala News

പുതുവത്സരത്തിൽ കൊച്ചിയിൽ രണ്ട് സ്ഥലങ്ങളിലും പാപ്പാഞ്ഞി കത്തിക്കാൻ ഹൈക്കോടതി അനുമതി

കൊച്ചി: പുതുവത്സരാഘോഷങ്ങളിൽ കൊച്ചി ഫോർട്ട് കൊച്ചിയിലെ വെളി മൈതാനത്ത് പാപ്പാഞ്ഞി കത്തിക്കുന്നതിന് ഹൈക്കോടതി അനുമതി നൽകി. പരേഡ് ഗ്രൗണ്ടിനുപുറമെ വെളി മൈതാനത്തും പാപ്പാഞ്ഞി കത്തിക്കുന്നതിന് ഹൈക്കോടതി അനുമതി നൽകിയതോടെ, പുതുവത്സരദിനം കൊച്ചിയിൽ രണ്ടിടത്തും പാപ്പാഞ്ഞി കത്തിക്കാം.

പോലീസ് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി പാപ്പാഞ്ഞി കത്തിക്കുന്നത് തടഞ്ഞിരുന്നു, എന്നാൽ ഹൈക്കോടതി പോലീസിന്റെ നടപടിയെ സ്റ്റേ ചെയ്തു. ഗാലാ ഡി ഫോർട്ട് കൊച്ചി സമർപ്പിച്ച ഹർജിയിൽ നൽകിയ ഉത്തരവിൽ, പാപ്പാഞ്ഞി ചുറ്റും 72 അടി സുരക്ഷാ ബാരിക്കേഡ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. വലിയ പാപ്പാഞ്ഞി കത്തിക്കുമ്പോള്‍ അവശിഷ്ടങ്ങള്‍ കൂടി നില്‍ക്കുന്നവരുടെ ദേഹത്ത് വീഴുന്നത് ഒഴിവാകുക ലക്ഷ്യമിട്ടാണ് നിര്‍ദേശം.

ഫോർട്ടുകൊച്ചിയിലെ വെളി മൈതാനത്ത് ഗാലാ ഡി ഫോർട്ടുകൊച്ചി നിർമ്മിക്കുന്ന 50 അടി ഉയരമുള്ള പപ്പാഞ്ഞിയുടെ നിർമ്മാണം തടഞ്ഞു കൊണ്ടാണ് പൊലീസ് സംഘാടകർക്ക് നോട്ടീസ് നൽകിയിരുന്നത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടി കാട്ടി പപ്പാഞ്ഞി പൊളിച്ചുമാറ്റാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. കൊച്ചി കാര്‍ണിവലിന്റെ ഭാഗമായി സുരക്ഷ ഒരുക്കുന്നത് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയത്. പുതുവർഷത്തിൽ ഫോർട്ടുകൊച്ചി പരേഡ് മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കാൻ കൊച്ചിൻ കാർണിവൽ കമ്മിറ്റിക്ക് മാത്രമാണ് അനുവാദം നൽകിയിരിക്കുന്നതെന്നും പൊലീസ് നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. കൊച്ചിക്കാരുടെ പുതുവത്സര ആഘോഷങ്ങളിൽ പ്രധാനപ്പെട്ടതാണ് പാപ്പാഞ്ഞി കത്തിക്കൽ. ഫോർട്ട് കൊച്ചി പരേഡ് ​ഗ്രൗണ്ടിലാണ് കാർണിവലിനോടനുബന്ധിച്ച് പ്രശസ്തമായ ഈ ചടങ്ങ് നടക്കുന്നത്. പരേഡ് ഗ്രൗണ്ടില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ വെളി ഗ്രൗണ്ടിലാണ് ഗാലാ ഡി ക്ലബ്ബ് തങ്ങളുടെ പാപ്പാഞ്ഞിയെ ഒരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *