തൃശ്ശൂർ: കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭൗതിക സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ദേവസ്വം – പട്ടികജാതി വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍. ക്ഷേത്രത്തില്‍ മുസിരിസ് പൈതൃക പദ്ധതി നിര്‍മിക്കുന്ന അക്കോമഡേഷന്‍ കോംപ്ലക്‌സിന്റെയും മ്യൂസിയം ഊട്ടുപുര കെട്ടിടസമുച്ചയത്തിന്റെയും നിര്‍മ്മാണ പുരോഗതി പരിശോധനയ്ക്കും വിലയിരുത്തുന്നതിനുമായി ക്ഷേത്രം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്രത്തിനകത്ത് കുടിവെള്ളം, വെളിച്ചം, റോഡ് തുടങ്ങിയ പശ്ചാത്തല സൗകര്യങ്ങള്‍ ഉറപ്പാക്കും. ഭരണി മഹോത്സവം ഈ വര്‍ഷം മികച്ച രീതിയില്‍ നടത്താനും ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനും ബന്ധപ്പെട്ടവര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. ഇതിനായി ദേവസ്വം ബോര്‍ഡ്, മുസിരിസ്, നഗരസഭ അധികൃതരുടെയും ഉപദേശക സമിതിയുടെയും യോഗം വിളിച്ചു ചേര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.