കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. രാവിലെ ഉമ തോമസ് കണ്ണു തുറന്നു, കൈകാലുകൾ അനക്കി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ കണ്ടതിന് ശേഷം മകനാണ് ഈ വാർത്ത അറിയിച്ചത്.
ഉമ തോമസിന്റെ ആരോഗ്യസ്ഥിതിയിലുള്ള പുരോഗതി ചികിത്സാ സംഘത്തിനും കുടുംബത്തിനും ആശ്വാസമായി. ഇന്ന് രാവിലെ പത്തു മണിയോടെ മെഡിക്കൽ ബോർഡ് ഉമ തോമസിന്റെ ഏറ്റവും പുതിയ ആരോഗ്യനില സംബന്ധിച്ച റിപ്പോർട്ട് നൽകും.
രാവിലെ 8.30ന് ബ്രോങ്കോസ്കോപ്പി ടെസ്റ്റിന് വിധേയമാക്കാനാണ് തീരുമാനം. ഇന്നലെ രാത്രി വരെ ആരോഗ്യനിലയിൽ പ്രത്യേക മാറ്റമില്ലെന്നാണ് റിനൈ മെഡിസിറ്റിയിലെ മെഡിക്കൽ സംഘം അറിയിച്ചത്.
അതേസമയം, ഉമ തോമസ് എംഎൽഎക്ക് അപകടം സംഭവിച്ച വിഷയത്തിൽ സംയുക്ത പരിശോധനാ റിപ്പോർട്ട് പുറത്തുവന്നു. വൻ സുരക്ഷാ വീഴ്ചയാണ് അപകടത്തിന് കാരണമായതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പൊലീസ്, ഫയർഫോഴ്സ്, പൊതുമരാമത്ത് വകുപ്പ് എന്നിവ ചേർന്നാണ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്. അധികമായി നിർമിച്ച ഭാഗങ്ങൾക്ക് വേണ്ട ഉറപ്പ് ഉണ്ടായിരുന്നില്ല എന്നതും വിഐപി സ്റ്റേജിന് അടുത്തായി ആംബുലൻസ് ഇല്ലാതിരുന്നത് അടിയന്തര വൈദ്യ സഹായം ലഭ്യമാക്കാൻ വൈകിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു .
ഇതിനൊപ്പം, പരിശീലനം ലഭിക്കാത്തവരാണ് ഉമ തോമസിനെ ആംബുലൻസിലേക്ക് മാറ്റിയത് എന്ന ഗുരുതര കുറ്റകൃത്യവും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.





