Kerala News

നിമിഷപ്രിയയുടെ വധശിക്ഷ: കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കി

ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമായ എല്ലാ സഹായവും ചെയ്യും എന്ന് വിദേശകാര്യ വകുപ്പ് അറിയിച്ചു. “നിമിഷപ്രിയയെ മോചിപ്പിക്കുന്നതിനായി കുടുംബം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായവും ചെയ്യും, വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

യെമന്‍ പൗരനായ യുവാവ് കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയക്ക് വധശിക്ഷ വിധിക്കപ്പെട്ടത്. യെമന്‍ പ്രസിഡന്റ് റഷദ് അല്‍ അലിമി വധശിക്ഷയ്ക്ക് കഴിഞ്ഞ ദിവസം ശരിവെച്ചതോടെ, ഒരുമാസത്തിനകം വധശിക്ഷ നടപ്പാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിമിഷപ്രിയയുടെ മോചനത്തിനായി മാതാവ് പ്രേമകുമാരി നിരന്തരം ശ്രമിച്ചുവരികയാണ്. ഈ വര്‍ഷം ആദ്യം, സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിന്റെ സഹായത്തോടെ ഇരയുടെ കുടുംബത്തിന് ദയാധനം നല്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി പ്രേമകുമാരി സനയിലേക്ക് പോയിരുന്നു.

ഇപ്പോള്‍ ഏകദേശം 40,000 യുഎസ് ഡോളര്‍ (ഏകദേശം ₹33 ലക്ഷം) ദയാധനമായി ഇരയുടെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നു. ഇതില്‍ ആദ്യഗഡുവായി 20,000 യുഎസ് ഡോളര്‍ നല്‍കിയിട്ടുണ്ട്. വധശിക്ഷയ്ക്ക് മാറ്റം വരുത്താന്‍ മാപ്പപേക്ഷയും ദയാധനവുമായി നിമിഷപ്രിയയുടെ കുടുംബവും സോഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പുകളും പരിശ്രമിച്ചുവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *