പെരിയ ഇരട്ടക്കൊലപാതക കേസിൽ മുൻ എംഎൽഎ വരെ ശിക്ഷിക്കപ്പെട്ടതോടെ സിപിഎം ഭീകര പാർട്ടിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിധിക്കെതിരെ രംഗത്ത് വന്ന സിപിഎം സംസ്ഥാന – ജില്ലാ നേതൃത്വങ്ങളുടെ നിലപാട് അവരുടെ അധപതനത്തിൻ്റെ ആഴം വ്യക്തമാക്കുന്നതാണ്. സിബിഐക്കെതിരെ രംഗത്ത് വന്നത് കൊണ്ട് ചെയ്ത കുറ്റം മായ്ച്ചുകളയാൻ സാധിക്കുകയില്ലെന്ന് സിപിഎം മനസിലാക്കണം. സിബിഐ അന്വേഷിച്ചത് കൊണ്ട് മാത്രമാണ് ഈ കേസിൽ കുറ്റക്കാർ ശിക്ഷിക്കപ്പെട്ടത്. കേസ് അട്ടിമറിക്കാനാണ് ലോക്കൽ പൊലീസ് തുടക്കം മുതൽ പരിശ്രമിച്ചത്. സിബിഐ അന്വേഷണം തടയാൻ കോടികളാണ് സംസ്ഥാന ഖജനാവിൽ നിന്നും പിണറായി സർക്കാർ പൊടിച്ചു കളഞ്ഞത്. നരേന്ദ്രമോദി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയത് കൊണ്ട് മാത്രമാണ് കേരളത്തിലെ രാഷ്ട്രീയം കൊലപാതകങ്ങൾ ശിക്ഷിക്കപ്പെടുന്നത്. കോൺഗ്രസ് പ്രവർത്തകർക്ക് വരെ നീതി ലഭിക്കാൻ മോദി വരേണ്ടി വന്നു. കോൺഗ്രസ് കേന്ദ്രം ഭരിച്ചപ്പോൾ പരസ്പര സഹായത്തിലൂടെ സിപിഎം നേതാക്കളെ രക്ഷപ്പെടുത്തുകയായിരുന്നു. ഇൻഡി സഖ്യത്തിൽ നിന്നും സിപിഎമ്മിനെ പുറത്താക്കാൻ പോലും കോൺഗ്രസിന് സാധിക്കുന്നില്ല. കേരളത്തിൽ കോൺഗ്രസുകാരെ വാളുകൊണ്ട് തീർക്കുന്ന സിപിഎമ്മുകാർ ദില്ലിയിൽ കോൺഗ്രസിൻ്റെ സൽക്കാരം ഏറ്റുവാങ്ങുകയാണ്. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ മോദി സർക്കാരെടുത്ത ശക്തമായ നടപടികളെ അഭിനന്ദിക്കുന്നതായും കെ.സുരേന്ദ്രൻ പറഞ്ഞു.





