Kerala News

2024ലെ ഓടക്കുഴല് അവാര്‍ഡ് കെ. അരവിന്ദാക്ഷന്; ‘ഗോപ’ നോവലിനാണ് പുരസ്കാരം

തൃശൂര്: മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ സ്മരണയ്ക്കായി ഗുരുവായൂരപ്പന് ട്രസ്റ്റ് നൽകുന്ന ഓടക്കുഴല് പുരസ്കാരം 2024-ൽ കഥാകൃത്തും നോവലിസ്റ്റുമായ കെ. അരവിന്ദാക്ഷന് സമ്മാനിക്കും. ‘ഗോപ’ എന്ന നോവലിനാണ് ഈ വർഷത്തെ പുരസ്കാരം ലഭിച്ചത്.

മഹാകവിയുടെ ചരമവാര്ഷിക ദിനമായ ഫെബ്രുവരി 2-ന് എറണാകുളത്തെ സമസ്ത കേരള സാഹിത്യ പരിഷത്ത് മന്ദിരത്തിലെ മഹാകവി ജി. ഓഡിറ്റോറിയത്തില് പ്രശസ്ത സാഹിത്യകാരനും സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റുമായ സി. രാധാകൃഷ്ണന് പുരസ്കാരം കെ. അരവിന്ദാക്ഷന് സമ്മാനിക്കും. പ്രശസ്ത സാഹിത്യ നിരൂപകന് കെ. ബി. പ്രസന്നകുമാര്, പ്രശസ്ത കവിയും എഴുത്തുകാരനുമായ വി. എച്ച്. ദിരാര് എന്നിവരും ഈ ചടങ്ങിൽ പ്രഭാഷണം നടത്തും. ശില്പവും മുപ്പതിനായിരം രൂപയും അടങ്ങുന്നതാണ് അവാര്‍ഡ്..

ബുദ്ധനായി മാറിയ സിദ്ധാര്‍ത്ഥനെ അദ്ദേഹത്തിന്റെ പത്‌നിയായ യശോധരയെന്ന ഗോപ ചോദ്യം ചെയ്യുന്നതാണ് ‘ഗോപ’ എന്ന നോവലിന്റെ ഇതിവൃത്തം.
1953 ജൂൺ 10-ന് തൃശൂർ ജില്ലയിലെ വെങ്ങിണിശ്ശേരിയിൽ ജനിച്ച കെ. അരവിന്ദാക്ഷന് മുൻപ് കേരള സാഹിത്യ അക്കാദമി അവാർഡും ഗുരുദർശന അവാർഡും നേടിയിട്ടുണ്ട്. ഫെഡറൽ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു കെ. അരവിന്ദാക്ഷന്. ‘സാക്ഷിമൊഴി’, ‘ഭോപ്പാൽ’, ‘പുതിയ ഗോത്രത്തിന്റെ ഉല്പത്തി’, ‘എലിവേട്ടക്കാരുടെ കൈപ്പുസ്തകം’, ‘കുശിനാരയിലേക്ക്’, ‘മറുപാതി’, ‘അലക്കുയന്ത്രം’, ‘മീര ചോദിക്കുന്നു’, ‘നിലാവിലെ വിരലുകൾ’, ‘രജിതയുടെ തിരോധാനം’, ‘ദൈവം തുറക്കാത്ത പുസ്തകം’, ‘ഉഭയജീവികളുടെ മാനിഫെസ്റ്റോ’ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ.

Leave a Reply

Your email address will not be published. Required fields are marked *